കൊൽക്കത്ത കൂട്ട ബലാത്സംഗത്തിന്റെ പശ്ചാത്തലത്തിൽ സംഭവം നടന്ന സൗത്ത് കൊൽക്കത്ത ലോ കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചതായി അധികൃതർ അറിയിച്ചു. വിദ്യാർത്ഥികളുടെ പ്രതിഷേധത്തെ തുടർന്നാണ് കോളേജ് അടച്ചത്.
അതേസമയം പെൺകുട്ടിയെ ആക്രമിച്ചത് മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്. പെൺകുട്ടിയെ ഭീഷണിപ്പെടുത്താനാണ് വീഡിയോ റെക്കോർഡ് ചെയ്തത്. കൊൽക്കത്ത കൂട്ട കൂട്ടബലാത്സംഗ കേസിൽ സുപ്രധാന വിവരങ്ങളാണ് പൊലീസ് കണ്ടെത്തിയത്.
മുഖ്യപ്രതിയുടെ ഫോണിൽ നിന്നും വിദ്യാർത്ഥിയെ ബലാത്സംഗം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ കണ്ടെത്തി. ബലാത്സംഗത്തിനുശേഷം ദൃശ്യങ്ങൾ പ്രചരിപ്പിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചു വരികയാണെന്ന് പോലീസ് വ്യക്തമാക്കി.
കൊൽക്കത്തയിൽ നിയമ വിദ്യാർത്ഥിനി കൂട്ട ബലാത്സംഗത്തിന് ഇരയായ സംഭവത്തിൽ പൊലീസിനെതിരെ ദേശീയ വനിത കമ്മീഷൻ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. കമ്മീഷൻ്റെ അന്വേഷണത്തോട് പൊലീസ് സഹകരിക്കുന്നില്ലെന്ന് ദേശീയ വനിത കമ്മീഷൻ ആരോപിച്ചു.
സംഭവം നടന്നയിടം സന്ദർശിക്കാൻ അനുവദിക്കുന്നില്ല. ഇരയുടെ കുടുംബത്തെ കാണുന്നതിൽ നിന്നും വിലക്കുന്നു എന്നും അന്വേഷണ വിവരങ്ങൾ കൈമാറുന്നില്ലെന്നും വനിത കമ്മീഷൻ അംഗം ഡോ. അർച്ചന മജുംദാർ പറഞ്ഞിരുന്നു.
















