വനം കൊള്ളക്കാരന്‍ വീരപ്പന് സര്‍ക്കാര്‍ സ്മാരകം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ മുത്തുലക്ഷ്മി. തമിഴക വാഴ്‌വുരുമൈ കക്ഷി നേതാവ് കൂടിയായ വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മിയാണ് കൊള്ളക്കാരന് സ്മാരകം പണിയണമെന്ന് ആവശ്യപ്പെട്ട് എംകെ സ്റ്റാലിന്‍ സര്‍ക്കാരിനെ സമീപിച്ചിരിക്കുന്നത്. വീരപ്പന്റെ മൃതദേഹം സംസ്‌കരിച്ച സേലം മേട്ടൂര്‍ മൂലക്കാട്ടില്‍ സ്മാരകം പണിയണമെന്നാണാവശ്യം.
എന്‍കൗണ്ടറിലൂടെ തമിഴ്‌നാട് സര്‍ക്കാര്‍ കൊലപ്പെടുത്തിയ കുപ്രസിദ്ധ ക്രിമിനലും ആനവേട്ടക്കാരനുമായ കൂസു മുനിസ്വാമി വീരപ്പന് വേണ്ടിയാണ് സ്മാരക ആവശ്യം ഉയര്‍ന്നിരിക്കുന്നത്.
നേരത്തെ മുത്തുലക്ഷമി സ്മാരകം നിർമിക്കാൻ ശ്രമിച്ചെങ്കിലും സർക്കാർ അനുമതി നൽകിയിരുന്നില്ല. ഡിണ്ടിഗലില്‍ ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മന്ത്രി ഐ. പെരിയസാമിയോട് തന്റെ ഭർത്താവിനെ അടക്കം ചെയ്ത സ്ഥലത്ത് സ്മാരകം പണിയാൻ തമിഴ്നാട് സർക്കാർ നടപടി സ്വീകരിക്കണമെന്ന് മുത്തുലക്ഷ്മി ആവശ്യപ്പെട്ടിരുന്നു. ആവശ്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നു മന്ത്രി പറഞ്ഞു.