സംസ്ഥാന പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ചുമതലയേറ്റു. പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സംസ്ഥാന പോലീസ് മേധാവിയുടെ താത്കാലിക ചുമതല വഹിച്ചിരുന്ന ക്രമസമാധാന വിഭാഗം എ.ഡി.ജി.പി എച്ച്. വെങ്കടേഷില്‍ നിന്നാണ് അദ്ദേഹം ചുമതലയേറ്റെടുത്തത്. ഔദ്യോഗിക രേഖകളില്‍ ഒപ്പുവച്ച ശേഷം പുതിയ പോലീസ് മേധാവിക്ക് അധികാരദണ്ഡ് കൈമാറി. ആസ്ഥാന എ.ഡി.ജി.പി എസ്. ശ്രീജിത്ത്, ബറ്റാലിയന്‍ എ.ഡി.ജി.പി എം.ആര്‍ അജിത് കുമാര്‍ പോലീസ് ആസ്ഥാനത്തേയും തിരുവനന്തപുരം ജില്ലയിലെയും മറ്റു മുതിര്‍ന്ന പോലീസ് ഓഫീസര്‍മാര്‍ ചടങ്ങില്‍ പങ്കെടുത്തു.
തുടര്‍ന്ന് വീരചരം അടഞ്ഞ പോലീസ് ഉദ്യോഗസ്ഥരുടെ സ്മരണാര്‍ത്ഥം ധീരസ്മൃതിഭൂമിയില്‍ പുഷ്പചക്രം അര്‍പ്പിച്ച ശേഷം പുതിയ പോലീസ് മേധാവി സ്‌പെഷ്യല്‍ ഗാര്‍ഡ് ഓഫ് ഓണറും സ്വീകരിച്ചു. 1991 ബാച്ചിലെ കേരള കേഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായ റവാഡ ചന്ദ്രശേഖര്‍ കേന്ദ്ര ഡെപ്യൂട്ടേഷനില്‍ ഇന്റലിജന്‌സ് ബ്യൂറോയില്‍ സ്‌പെഷ്യല്‍ ഡയറക്ടര്‍ സ്ഥാനത്തു നിന്നാണ് സംസ്ഥാന പോലീസ് മേധാവി പദവിയിലെത്തുന്നത്.
കേരള കേഡറില്‍ എ.എസ്.പിയായി കണ്ണൂര്‍ തലശ്ശേരിയില്‍ സര്‍വീസ് ആരംഭിച്ച അദ്ദേഹം പത്തനംതിട്ട, മലപ്പുറം, എറണാകുളം റൂറല്‍, റയില്‍വേസ്, വിജിലന്‌സ് എറണാകുളം റെയ്ഞ്ച്, ക്രൈംബ്രാഞ്ച് തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളില്‍ എസ്.പിയായും പോലീസ് ആസ്ഥാനത്ത് എ.ഐ.ജി 1 ആയും കെ.എ.പി രണ്ടാം ബറ്റാലിയന്‍, കെ.എ.പി മൂന്നാം ബറ്റാലിയന്‍ എന്നിവിടങ്ങളില്‍ കമാണ്ടന്റ് ആയും പ്രവര്ത്തിച്ചു. ഐക്യരാഷ്ട്ര സഭയുടെ മിഷന്റെ ഭാഗമായി ബോസ്‌നിയയിലും സേവനം അനുഷ്ടിച്ചിട്ടുണ്ട്. എസ്.പി റാങ്കില്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണറായും ജോലി നോക്കി.
ഐക്യരാഷ്ട്ര സഭയുടെ മിഷന്റെ ഭാഗമായി സുഡാന്‍, തൃശൂര്‍ റെയ്ഞ്ച്, എറണാകുളം റെയ്ഞ്ച് എന്നിവിടങ്ങളില്‍ ഡി.ഐ.ജി ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഡി.ഐ.ജി റാങ്കില്‍ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറായും ജോലി നോക്കി. ഐ.ജി ആയി സ്റ്റേറ്റ് ക്രൈം റെക്കോര്ഡ്‌സ് ബ്യൂറോയില്‍ പ്രവര്ത്തിച്ചുകൊണ്ടിരിക്കേയാണ് അദ്ദേഹം കേന്ദ്ര ഡെപ്യൂട്ടേഷനില്‍ ഡെപ്യൂട്ടി ഡയറക്ടറായി ഇന്റലിജന്‌സ് ബ്യൂറോയിലേയ്ക്ക് പോയത്. ഇന്റലിജന്‌സ് ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടറായി ഐ.ബി ആസ്ഥാനം, ഭുവനേശ്വര്‍, ഹൈദരാബാദ്, വിജയവാഡ എന്നിവിടങ്ങളില്‍ അദ്ദേഹം ജോലി നോക്കി.
കേന്ദ്ര ഡെപ്യൂട്ടേഷനില്‍ ജോലി നോക്കവേ എ.ഡി.ജി.പിയായി സ്ഥാനക്കയറ്റം ലഭിച്ച അദ്ദേഹം ഐ.ബി അഡീഷണല്‍ ഡയറക്ടറായി വിജയവാഡ, മുംബൈ എന്നിവിടങ്ങളില്‍ അദ്ദേഹം പ്രവര്ത്തിച്ചു. ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദധാരിയാണ് അദ്ദേഹം. വിശിഷ്ടസേവനത്തിന് 2015 ല്‍ രാഷ്ട്രപതിയുടെ പോലീസ് മെഡലും സ്തുത്യര്ഹസേവനത്തിന് 2009 ല്‍ ഇന്ത്യന്‍ പോലീസ് മെഡലും ലഭിച്ചു.
CONTENT HIGH LIGHTS; Rawada Chandrasekhar takes charge as state police chief: ADGP H. Venkatesh hands over the baton to DGP