ആരോഗ്യ മന്ത്രി അനാരോഗ്യ മന്ത്രിയായി മാറിയെന്ന് ഷാഫി പറമ്പിൽ എം പി. ആരോഗ്യ വകുപ്പിനെ പിടികൂടിയ മാറാരോഗമാണ് പി ആർ അഡിക്ഷനെന്നും പിണറായി ഭരണം ജനത്തിന് ബാധ്യതയായെന്നും അദ്ദേഹം പറഞ്ഞു. ഒരു മനസാക്ഷിയും ഈ സർക്കാരിനില്ല. സർക്കാരിന് പിആർ ജോലി ചെയ്യാൻ പണമുണ്ട്. ഒരു ഡോക്ടർ ഗതികേട് കൊണ്ട് എഴുതിയ എഫ്ബി പോസ്റ്റു മാത്രമല്ല ഡോ ഹാരിസിന്റെത്. സർക്കാർ ഭരണ വിരുദ്ധതയാണ് ആ പോസ്റ്റിലുള്ളത്. കറ കളഞ്ഞ സഖാവിൻ്റെ എഫ്ബി പോസ്റ്റാണതെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി.
സർക്കാരിൽ നിന്ന് രക്ഷപ്പെടാൻ കേരളത്തിലെ ജനങ്ങൾക്ക് വാക്സിൻ കൊടുക്കേണ്ട അവസ്ഥയാണ്. സാധാരണക്കാരനാണ് ചികിത്സ തേടി വരുന്നത്. അങ്ങനെ വരുന്നവരോട് ചെയ്യുന്നത് ക്രൂരതയാണ്. മറ്റ് പലതിനും സർക്കാരിന് പണമുണ്ട്. സർക്കാരിന് സഖാക്കളുടെ പിന്തുണ നഷ്ടപ്പെട്ടു. സർക്കാരിനെ ജനം അറബി കടലിൽ താഴ്ത്തുമെന്നും ജനങ്ങൾക്ക് നീതി കിട്ടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആരോഗ്യമേഖലയിലെ പ്രതിസന്ധിയിൽ കോഴിക്കോട് നടന്ന കോൺഗ്രസ് പ്രതിഷേധത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
.
















