ആരോഗ്യ വകുപ്പും ആരോഗ്യ മന്ത്രിയും ഇപ്പോള്‍ ജനകീയ ഓഡിറ്റിംഗിനു വിധേയമായിക്കൊണ്ടിരിക്കുകയാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഒരു ഡോക്ടറുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് ഈ ഓഡിറ്റിംഗ് നടക്കുന്നത്. ദുരിതങ്ങളും പരാധീനതകളും, പരിഭവങ്ങളും നിറയുകയാണ് മാധ്യമങ്ങലിലെവിടെയും. ഇതോടെ കേരളത്തിന്റെ ആരോഗ്യ മേഖല നമ്പര്‍ വണ്‍ ആണെന്നു പറയുന്നതില്‍ കള്ളത്തരങ്ങള്‍ ഉണ്ടോയെന്ന് സംശയിക്കുന്നവരും കുറവല്ല. എന്നാല്‍, ആരോഗ്യ മേഖലയില്‍ ഉണ്ടായിട്ടുള്ള മാറ്റത്തെ കുറിച്ചും, ചിലവാക്കിയ ഫണ്ടിനെ കുറിച്ചും, നടപ്പാക്കുന്ന പുതിയ പദ്ധതികളെ കുറിച്ചുമൊ
ക്കെ വകുപ്പു മന്ത്രി തന്നെ വാര്‍ത്താ സമ്മേളം നടത്തി പറഞ്ഞിരുന്നു. ആരോഗ്യ വകുപ്പിന്റെ കുഴപ്പമെന്നത് സിസ്റ്റത്തിന്റെ കഴപ്പമാണെന്ന് മന്ത്രി പറയുമ്പോഴും ഈ സിസ്റ്റം എന്നത് എന്താണെന്ന് വിശദീകരിക്കുമ്പോള്‍ അത്, സര്‍ക്കാര്‍ ആണെന്നു പറയേണ്ടി വരുന്നിടത്താണ് പ്രശ്‌നങ്ങള്‍. മന്ത്രിയുടെ കണക്കുകളെ ഖണ്ഡിക്കുന്ന കണക്കുമായി മുന്‍ എംഎല്‍.എ ശബരീനാഥ് രംഗത്തു വന്നിരിക്കുകയാണ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശബരിനാഥ് തന്റെ കണക്ക് പുറത്തു വിട്ടിരിക്കുന്നത്. ഇതില്‍ ചോദ്യങ്ങളും സംശയങ്ങളും, മറു ചോദ്യങ്ങളുമെല്ലാമുണ്ട്.
ശബരിനാഥിന്റെ ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെ:
ആരോഗ്യവകുപ്പ് മന്ത്രി ശ്രീമതി വീണ ജോര്‍ജ് എഴുതിയ പോസ്റ്റ് കണ്ടു. UDF കാലത്തെ പൂജ്യത്തില്‍ നിന്നും LDF ആരോഗ്യരംഗത്ത് കുറെയേറെ മുന്നോട്ടു പോയി എന്നുള്ള ചില കണക്കുകള്‍ അവര്‍ ഉദ്ധരിച്ചു. കുറച്ചു കാലം മന്ത്രി തന്നെ ഉന്നയിച്ച ആരോഗ്യപരിപാലനം, മാതൃ-ശിശു ആരോഗ്യം തുടങ്ങിയ ചില മേഖലകളില്‍ ചെറിയരീതിയില്‍ പ്രവര്‍ത്തിച്ചത് കൊണ്ട് ഈ കണക്കുകളുടെ പൊള്ളത്തരങ്ങള്‍ പറയാതിരിക്കാന്‍ വയ്യ
- കേരളത്തിന്റെ മാതൃനിരണനിരക്ക്, ശിശുമരണനിരക്ക്, നവജാതുശിശുമരണനിരക്ക് എത്രയോ കാലമായി യൂറോപ്യന്‍ രാജ്യങ്ങകള്‍ക്ക് തുല്യമാണ്. ഞാന്‍ 2011-2015 കാലഘട്ടത്തില്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ പ്രധാന ചര്‍ച്ചവിഷയം കേരളത്തിന്റെ അന്താരാഷ്ട്ര മാതൃകയായിരുന്നു. കേരളത്തില്‍ മാത്രമല്ല കുറഞ്ഞത്. കുറച്ചു കണക്കുകള്‍ പരിശോധിക്കാം
-ഇന്ത്യയുടെ മാതൃമരണ നിരക്ക് (MMR) 2015 ല്‍ 130 ആയിരുന്നുവെങ്കില്‍ ഇന്ന് 90 ആയി. ഇന്ത്യയുടെ കണക്കുകള്‍ നോക്കുമ്പോള്‍ തന്നെ മാതൃമരണനിരക്ക് കഴിഞ്ഞ 33 വര്‍ഷത്തില്‍ ഏകദേശം 86% കുറഞ്ഞു.
-ഏറ്റവും മോശപ്പെട്ട നിരക്കുള്ള ആസാമിന്റെ MMR 237 (2015) നിന്ന് 2023ല്‍ 200 എത്തി. തെലുങ്കാനയുടെ MMR 81 നിന്ന് 50കളില്‍ എത്തി
-കേരളത്തിന്റെ MMR 43ല്‍ നിന്ന് 19 എന്ന നിലയില്‍ എത്തി. ചുരുക്കിപറഞ്ഞാല്‍ കേരളം ഈ നിരക്കില്‍ എത്രയോ വര്‍ഷമായി മുന്നിലാണ്,സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങളെക്കാള്‍ മുകളിലാണ്. നമ്മള്‍ അതു നിലനിര്‍ത്തുന്നു. അല്ലാതെ വീണ ജോര്‍ജ് മന്ത്രിയായപ്പോള്‍ തുടങ്ങിയതല്ല.
- ഇതിന് സമാനമാണ് ശിശുമരണനിരക്ക് (IMR), നവജാതശിശുമരണനിരക്ക്(NMR).ഈ കണക്കുകളിലും കേരളം യൂറോപ്യന്‍ രാജ്യങ്ങളെപ്പോലെ വര്‍ഷങ്ങളായി മുന്നിലാണ് . പിന്നെ ഈ കണക്കുകള്‍ക്ക് ക്രെഡിറ്റ് കൊടുക്കണമെങ്കില്‍ മഴയത്തും വെയിലത്തും കോവിഡ് സമയത്തും വീട്ടില്‍ വന്നു മരുന്നും പ്രതിരോധകുത്തിവെപ്പും നടത്തുന്ന ആശാ വര്‍ക്കറുമാര്‍ക്ക് ആദ്യം ക്രെഡിറ്റ് നല്‍കണം. അവരുടെ കരങ്ങളിലാണ് കേരളത്തിന്റെ ഒന്നാം റാങ്ക് നിലനില്‍ക്കുന്നത്!
- പിന്നെ ഏറ്റവും വലിയ കോമഡി മന്ത്രി ചില പദ്ധതികളില്‍ UDF പൂജ്യം എന്നു പറയുന്നു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ ഇടതു സര്‍ക്കാര്‍ 2017ല്‍ പേര് മാറ്റി കുടുംബാരോഗ്യ കേന്ദ്രമെന്നും ജനകീയ ആരോഗ്യകേന്ദ്രമെന്നും പേര് മാറ്റുമ്പോള്‍ സ്വഭാവികമായി യുഡിഫ് കാലത്ത് കണക്ക് പൂജ്യമാകുമല്ലോ ! യുഡിഫ് കാലത്ത് തതുല്യമായി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ ഉണ്ടെന്നുള്ളത് മറച്ചുവച്ചാണ് ഈ കള്ളകണക്ക്.
- ഇനി നിങ്ങള്‍ പറയുന്ന ഡയാലിസിസ് കേന്ദ്രങ്ങള്‍,അര്‍ബന്‍ സെന്ററുകള്‍ എല്ലാം കാലത്തിന്റെ മാറ്റങ്ങളാണ്.ഈ കാലഘട്ടത്തിന്റെ ആവശ്യം നടപ്പിലാക്കി, നല്ല കാര്യം.യുഡിഫ് സര്‍ക്കാരിന്റെ കാലത്തും ഇതിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നു
- യുഡിഫ് ഭരണകാലത്ത് ആരംഭിച്ച കാരുണ്യ പദ്ധതിയുടെ ഗുണഗണങ്ങള്‍ കേരള കോണ്‍ഗ്രസ് (മാണി) വിഭാഗത്തോട് ചോദിച്ചാല്‍മതി. 2011-16 കാലത്ത് ലക്ഷക്കണക്കിന് എത്രയോ മലയാളികള്‍ക്ക് നേരിട്ട് സര്‍ജറിക്കു മുമ്പും പിമ്പും സാമ്പത്തിക സഹായം എത്തിയിട്ടുണ്ട്. എന്നാല്‍ എല്‍ഡിഎഫ് വന്ന് യുഡിഎഫ് ഭരണകാലത്തെ പദ്ധതികളെ അട്ടിമറിച്ചു ഇന്‍ഷുറന്‍സ് സ്‌കീം ആക്കിയപ്പോള്‍ ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിച്ചു.
- നിയമസഭാ രേഖപ്രകാരം KASP പദ്ധതിയില്‍ 1500 കോടി രൂപ കുടിശ്ശിക നല്‍കാനുണ്ട്. ഇതില്‍ 1203 കോടി സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് നല്‍കാനുള്ള തുകയാണ്.(23/01/2025 unstared question 211)
ഈ തുക നല്‍കാത്തതുകൊണ്ട് പാവപെട്ടവര്‍ക്ക് ചികിത്സസൗകര്യങ്ങള്‍ കുറയുന്നു. ഇതു തന്നെയാണ് ഡോക്ടര്‍ ഹാരിസ് ഫേസ്ബുക്കില്‍ കുറിച്ചതിന്റെ ഇതിവൃത്തം.
- അതേപോലെതന്നെ മരുന്ന് കമ്പനികള്‍ക്ക് 693 കോടി
രൂപ കുടിശ്ശിക നല്‍കാനുണ്ട്. (23/01/2025 unstared question 164)
ഇതുകാരണം മരുന്നുകള്‍ സര്‍ക്കാര്‍ആശുപത്രിയില്‍ ലഭ്യമല്ല. പാവങ്ങള്‍ കടം വാങ്ങിച്ചുകൊണ്ട് മെഡിക്കല്‍ ഷോപ്പില്‍ പോയി മരുന്ന് വാങ്ങുന്നു
- മന്ത്രി പറയാത്ത ഒരു ദേശിയ കണക്ക് കൂടി പറയാം. National Health Accounts (NHA) ഡാറ്റാ പ്രകാരം ഏറ്റവുംകൂടുതല്‍ out-of-pocket expenditure (OOPE) ,അതായത് ഏറ്റവും കൂടുതല്‍ പണം സ്വന്തം കീശയില്‍ നിന്ന് ചികിത്സക്ക് ചിലവാക്കുന്നതിന്റെ റെക്കോര്‍ഡ് കേരളത്തിലാണ്. നമ്മുടെ OOPE ?7,889 per person ആണ്. സര്‍ക്കാര്‍ സൗകര്യം ലഭിക്കാതെയാകുമ്പോള്‍ പാവങ്ങള്‍ കടം വാങ്ങിച്ചു സ്വകാര്യ ആശുപത്രിയില്‍ പോകുന്നത് കൊണ്ടാണ് ഈ വന്‍ വര്‍ധനവ്.
- ഒരു കാര്യം കൂടി പറഞ്ഞു നിര്‍ത്താം. തിരുവനന്തപുരം നഗരത്തിലെ രണ്ടാമത്തെ മെഡിക്കല്‍ കോളേജിന് എല്ലാ അനുമതിയും ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റ കാലത്ത് ലഭിച്ചു. നൂറോളം വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ ഫീസില്‍ പഠിക്കാനുള്ള ഇന്ദിരാ ഗാന്ധി മെഡിക്കല്‍ കോളേജിന് MCI അനുമതി ലഭിച്ചു. ഈ പദ്ധതി LDF അട്ടിമറിച്ചു. എന്നിട്ട് തിരുവനന്തപുരം ജനറല്‍ ആശുപത്രിയെ 500 കോടി രൂപ ഉപയോഗിച്ച് മികച്ചതാകും എന്നു പറഞ്ഞിട്ട് വര്‍ഷം എത്രയായി ? ഇപ്പോള്‍ അറിയുന്നത് പഴയ ബജറ്റിന്റെ നാലിലൊന്ന് പോലും ചിലവാക്കാന്‍ കഴിയാത്ത ഒരു ബില്‍ഡിംഗ് നിര്‍മിക്കാന്‍ പോകുന്നുവെന്ന് ! തിരുവനന്തപുരത്തിന്റെ ഈ ദുരവസ്ഥയുടെ കാരണവും നിങ്ങള്‍ തന്നെയാണ്
ബഹുമാനപെട്ട മന്ത്രിയോട് ഒരു അഭ്യര്‍ത്ഥന മാത്രം – ആശുപത്രിയില്‍ യഥാസമയം മരുന്നും ക്യാപ്‌സുളും എത്തിക്കണം ,അല്ലാതെ ആളുകള്‍ ദഹിക്കാന്‍ കഴിയാത്ത ചില വ്യാജ ക്യാപ്‌സുളുകള്‍ സഹപ്രവര്‍ത്തകര്‍ക്ക് നല്‍കി അങ്ങയുടെ വിലപ്പെട്ട സമയം കളയരുത്.
CONTENT HIGH LIGHTS; Number one: The health department is completely overwhelmed: Sabarinath’s retort to Veena George’s justification; All are just questions, doubts and concerns