ഓസ്‌ട്രേലിയൻ പൊലീസ് കാർ ന്യൂ സൗത് വെയിൽസിലെ മക്വാരി പൊലീസ് ക്രൈം പ്രിവൻഷൻ യൂണിറ്റിലേക്ക് മാസ്സ് എൻട്രിയുമായി ജിംനി. പൊലീസിലെടുത്തപ്പോൾ ജിംനിയുടെ നിറത്തിൽ മാറ്റംവന്നു. വൈറ്റ് കളർ ഓപ്ഷനിൽ ചുവപ്പും നീലയും നിറങ്ങളിലുള്ള സ്റ്റിക്കറുകൾ, മഞ്ഞ നിറത്തിലുള്ള ഹൈലൈറ്റ് എന്നിവ ആണ് ജിംനിക്ക് നൽകിയിരിക്കുന്നത്.
ഇന്ത്യയിൽ നിർമിച്ച ജിംനി 5 ഡോറിനു ഓസ്‌ട്രേലിയയിൽ ജിംനി എക്സ് എൽ എന്നാണ് പേര്. ബി എം ഡബ്ള്യു 5 സീരീസ്, കിയ സ്റ്റിംഗർ, ഫോക്‌സ്‌വാഗൺ പസാറ്റ്, തുടങ്ങിയ വാഹനങ്ങൾക്കൊപ്പമാണ് മെയ്ഡ് ഇൻ ഇന്ത്യ ജിംനിയുടെ സേവനം. സുസുക്കിയുടെ മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയുടെ പിൻബലമുണ്ട് ജിംനിയ്ക്ക്. കെ 15 ബി ഡ്യുവൽജെറ്റ് എൻജിനാണ്. 104.8 എച്ച്പി കരുത്തും 134.2 എൻ എം ടോർക്കും ഉൽപാദിപ്പിക്കുന്ന എൻജിന് 5 സ്പീഡ് മാനുവൽ, 4 സ്പീഡ് ഓട്ടമാറ്റിക് ഗിയർബോക്സുമുണ്ട്. 3985 എംഎം നീളവും 1720 എംഎം ഉയരവും 1645 എംഎം വീതിയും 2590 എംഎം വീൽബേസും. 15 ഇഞ്ച് വീലുകളാണ് ഉപയോഗിക്കുന്നത്. മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാരയിലുള്ള ഓൾഗ്രിപ്പ് ഓൾവീൽ ഡ്രൈവ് സാങ്കേതിക വിദ്യയുടെ ഏറ്റവും അഡ്വാൻസ്ഡ് മോഡായ ഓൾഗ്രിപ്പ് പ്രോയാണ് ജിംനിയിൽ. കഠിനമായ ഓഫ് റോഡ് സാഹചര്യങ്ങളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കും. ഫോർവീൽ ഡ്രൈവ് ഹൈ, ഫോർവീൽ ഡ്രൈവ് ലോ എന്നീ മോഡുകളും ഇതിലുണ്ട്. 36 ഡിഗ്രി അപ്രോച്ച് ആംഗിളും 24 ഡിഗ്രി റാംപ് ബ്രേക് ഓവർ ആംഗിളും 50 ഡിഗ്രി ഡിപ്പാർച്ചർ ആംഗിളും വാഹനത്തിലുണ്ട്.
അധികം ആർഭാടങ്ങളില്ലാത്ത ഇന്റീരിയർ. ഡ്യുവൽ പോഡ് ശൈലിയിലുള്ള മീറ്റർ കൺസോൾ. ഇതിന് നടുക്കായാണ് എംഐഡി ഡിസ്പ്ലെ. അധികം വലുപ്പമില്ലാത്ത സ്റ്റിയറിങ് വീൽ. 9 ഇഞ്ച് സുസുക്കി സ്മാർട്ട്പ്ലേ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ആപ്പിൾ കാർ പ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയുണ്ട്. കൂടാതെ ആർക്കമീസിന്റെ സറൗണ്ട് സെൻസ് ശബ്ദ വിന്യാസവും. റോട്ടറി സ്വിച്ചുകളാണ് എസിക്ക്. യാത്ര സുഖകരമാക്കുന്ന സീറ്റുകളാണ് പിന്നിലും മുന്നിലും. ആറ് എയർബാഗുകൾ, ബ്രേക് ലിമിറ്റഡ് സ്ലിപ് ഡിഫ്രൻഷ്യൽ, ഇഎസ്പി, എബിഎസ്, ഇബിഡി, 3 പോയിന്റ് സീറ്റ്ബെൽറ്റ്, ഹിൽ ഹോൾഡ്, ഹിൽ ഡിസൻഡ്, ഐഎസ്ഒഎഫ്ഐഎക്സ് ചൈൽഡ് സീറ്റ്, റിവേഴ്സ് ക്യാമറ, റിയർ പാർക്കിങ് സെൻസർ എന്നിവയും ജിംനിക്കായി മാരുതി നൽകിയിട്ടുണ്ട്.