ഈരാറ്റുപേട്ടയിൽ ദമ്പതികൾ ആത്മഹത്യ ചെയ്തത് സാമ്പത്തിക പ്രതിസന്ധി മൂലമെന്ന് പൊലീസ്. രാമപുരം സ്വദേശി വിഷ്‌ണുവും ഭാര്യ രശ്മിയുമാണ് മരിച്ചത്. ആത്മഹത്യക്ക് കാരണം ബ്ലേഡ് മാഫിയയുടെ ഭീഷണിയാണെന്നാണ് ആരോപണം.
ഈരാറ്റുപേട്ട പനക്കപ്പാലത്തെ വാടകവീട്ടിൽ ഇന്നലെയാണ് വിഷ്ണുവിനെയും ഭാര്യ രശ്മിയെയും മരിച്ച നിലയിൽ കണ്ടത്. കരാർ അടിസ്ഥാനത്തിൽ ജോലികൾ ചെയ്തു വന്നിരുന്ന വിഷ്ണുവിന് സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നു.
ചെക്ക് മടങ്ങിയതിനെ തുടർന്ന് കോടതിയിൽ നിന്നും വാറണ്ട് വന്നതാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.
വിഷ്ണുവിനെ ബ്ലേഡ് മാഫിയ ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തു. നിരവധി തവണ വിളിച്ചിട്ടും ഫോൺ എടുക്കാതെ വന്നതോടെ അന്വേഷിച്ചെത്തിയ വീട്ടുടമയാണ് ദമ്പതികളുടെ മൃതദേഹം കട്ടിലിൽ കെട്ടിപ്പിടിച്ചു കിടക്കുന്ന നിലയിൽ ആദ്യം കണ്ടത്.
കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് ബന്ധിപ്പിച്ചിരുന്നു. മരുന്നു കുത്തിവെച്ച് മരിച്ചെന്നാണ് പ്രാഥമിക കണ്ടെത്തൽ. വിഷ്ണുവിന്റെ സാമ്പത്തിക ഇടപാടുകളെ പറ്റി ഈരാറ്റുപേട്ട പൊലീസ് അന്വേഷിച്ചു വരികയാണ്.