വിദൂര പ്രദേശങ്ങളിലും ദുർഘടമായ ഭൂപ്രദേശങ്ങളിലും ഡ്രോൺ അധിഷ്‌ഠിത രക്ത വിതരണം സുരക്ഷിതമെന്ന് പഠനം. ഐസിഎംആർ നടത്തിയ പഠനത്തിലാണ് രക്തം സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ കഴിയുമെന്ന് തെളിയിച്ചത്. രക്ത ഘടകങ്ങളുടെയും പാരാമീറ്ററുകളുടെയും സമഗ്രതയിൽ വിട്ടുവീഴ്‌ച സംഭവിക്കാതെ രക്തം എത്തിക്കാന്‍ കഴിയുമെന്ന് പഠനം തെളിയിക്കുന്നു.
ഡ്രോൺ ഉപയോഗിച്ചുള്ള രക്ത വിതരണത്തിൻ്റെ കാര്യക്ഷമതയും സുസ്ഥിരതയും വിലയിരുത്തുന്നതിനുള്ള സാധ്യതാ പഠനത്തിൽ ഡ്രോൺ എട്ട് മിനിറ്റിനുള്ളിൽ 36 കിലോമീറ്റർ സഞ്ചരിച്ചു. അതേസമയം ഒരു വാൻ അതേ ദൂരം സഞ്ചരിക്കാൻ ഏകദേശം 55 മിനിറ്റ് എടുത്തു. വാനുമായി താരതമ്യപ്പെടുത്തുമ്പോൾ ഡ്രോൺ വഴി സാമ്പിളുകൾ എത്തിച്ചപ്പോൾ യാത്രാ സമയം പകുതിയായി കുറഞ്ഞുവെന്ന് പഠനം പറഞ്ഞു.
അടിയന്തര മരുന്നുകൾ അല്ലെങ്കിൽ ഫാർമസ്യൂട്ടിക്കൽ ഉത്‌പന്നങ്ങൾ പോലുള്ള മറ്റ് പ്രധാനപ്പെട്ട മരുന്നുകള്‍ സമയബന്ധിതമായി എത്തിക്കുന്നതിനുള്ള ഒരു ഓപ്ഷനായി ഡ്രോണുകൾ ഭാവിയില്‍ മാറിയേക്കാമെന്ന് സ്പ്രിംഗർ നേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. രക്തസ്രാവ ആഘാതങ്ങൾ, ശസ്ത്രക്രിയകൾ, അപകടങ്ങൾ തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ രക്ത ഘടകങ്ങളുടെ കൈമാറ്റം ജീവൻ രക്ഷിക്കാൻ സഹായിച്ചേക്കാം.
മികച്ച റിസോഴ്‌സുകള്‍ ലഭ്യമാകുന്ന സ്ഥലത്ത് പോലും ചിലപ്പോള്‍ രക്ത ഘടകങ്ങൾ എല്ലായ്‌പ്പോഴും എളുപ്പത്തിൽ ലഭ്യമാകണമെന്നില്ല. ഈ സാഹചര്യത്തില്‍ ആവശ്യമുള്ള സ്ഥലത്തേക്ക് പെട്ടന്ന് രക്തം കൊണ്ടുപോകാനും കഴിയില്ലെന്ന് പഠനം പറയുന്നു. രക്തവും രക്തത്തിൻ്റെ ഘടകങ്ങളും മറ്റൊരു സ്ഥലത്തേക്ക് കൊണ്ടു പോകുന്നത് സങ്കീർണ പ്രക്രിയയാണ്.
കാരണം അവ ഒരു നിശ്ചിത താപനിലയിൽ സൂക്ഷിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം അവയുടെ പ്രവർത്തനക്ഷമതയെ ബാധിക്കും. ഉദാഹരണത്തിന് രക്തത്തിന് ഓക്‌സിജന്‍ വഹിക്കാനുള്ള കഴിവ് വളരെയധികം കുറയാനുള്ള സാധ്യത ഇതിനിടെയുണ്ട്.
രക്തത്തിലെ ഘടകങ്ങള്‍ക്ക് കോൾഡ് ചെയിൻ സമഗ്രത നിലനിർത്തേണ്ടത് അത്യാവശ്യമാണ്. രക്ത ശേഖരണം മുതൽ ട്രാൻസ്ഫ്യൂഷൻ വരെ രക്ത വിതരണ ശൃംഖലയിലുടനീളം കർശനമായ താപനില നിയന്ത്രണങ്ങള്‍ പാലിക്കേണ്ടതുണ്ട്. രക്തബാങ്കുകളും ട്രാൻസ്ഫ്യൂഷൻ സേവനങ്ങളും, ദേശീയ അന്തർദേശീയ നിയന്ത്രണങ്ങളും ഗുണനിലവാര മാനദണ്ഡങ്ങളും പാലിക്കേണ്ടതുണ്ട്.
ലോജിസ്റ്റിക് വെല്ലുവിളികൾക്കുള്ള ഒരു പരിഹാരമായാണ് യുഎവികളെ കണക്കാക്കുന്നത്. കാരണം അവയ്ക്ക് കുറഞ്ഞ സമയത്തിനുള്ളിൽ ഏത് ദുര്‍ഘടമായ പ്രദേശങ്ങളിലും എത്തിച്ചേരാന്‍ സഹായിക്കും. ആരോഗ്യ സംരക്ഷണ സംവിധാനങ്ങളുടെ ശേഷിയും കാര്യക്ഷമതയും വർധിപ്പിക്കാൻ ഡ്രോണുകൾക്ക് ആവുമെന്ന് പഠനങ്ങള്‍ പറയുന്നു.
ഇറ്റലി, റുവാണ്ട തുടങ്ങിയ നിരവധി രാജ്യങ്ങളിൽ നടത്തിയ ഡ്രോൺ പരീക്ഷണങ്ങളില്‍ ‘രക്തവാഹന’ത്തിന് ഡ്രോണുകള്‍ മുതല്‍ക്കൂട്ടാണ്. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യത്തും ഇത്തരത്തിലുള്ള പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. പര്‍വതങ്ങള്‍ നദികള്‍ തുടങ്ങിയ വെല്ലുവിളികളെ മറികടക്കാനും ഡ്രോണുകൾ സഹായിക്കുമെന്ന് ഈ പഠനങ്ങള്‍ പറയുന്നു.
അടിയന്തര ഘട്ടങ്ങളിൽ ഉഷ്‌ണ മേഖലാ രാജ്യങ്ങളിൽ ഡ്രോൺ ഉപയോഗിച്ചു വരുന്നുണ്ട്. എന്നാൽ ഡ്രോൺ വഴിയുള്ള ഗതാഗതത്തിന് ശേഷമുള്ള രക്തത്തിൻ്റെ പ്രായോഗികത, ഗുണനിലവാരം എന്നിവയ്ക്കായി കൂടുതൽ ശാസ്ത്രീയ തെളിവുകൾ ആവശ്യമാണെന്നും പഠനം പറഞ്ഞുവക്കുന്നുണ്ട്.
ഡ്രോൺ അധിഷ്‌ഠിത ഡെലിവറിക്ക് ശേഷം രക്ത ഘടകങ്ങളിൽ ഇവ ചെലുത്തുന്ന സ്വാധീനത്തെ പരമ്പരാഗത ഗതാഗത രീതികളുമായി താരതമ്യം ചെയ്യുന്നതും ഈ പഠനത്തിൻ്റെ ലക്ഷ്യങ്ങളില്‍ ഒന്നാണ്. ഈ പ്രക്രിയയിൽ നേരിടുന്ന വെല്ലുവിളികൾ തിരിച്ചറിയാൻ ശ്രമിക്കുകയെന്നതാണ് ഈ പഠനത്തിൻ്റെ പ്രാഥമിക ലക്ഷ്യം.
2023 മെയ് മുതൽ ജൂലൈ വരെയാണ് പഠനം നടത്തിയത്. 30-40 ഡിഗ്രി സെൽഷ്യസ് അന്തരീക്ഷ താപനില നിലനിർത്തിയായിരുന്നു പഠനം നടന്നത്. രക്ത ഘടകങ്ങളുടെ ബയോകെമിക്കൽ പാരാമീറ്ററുകളെക്കുറിച്ചും ഇതില്‍ പരമാര്‍ശിക്കുന്നു. ഡ്രോൺ അധിഷ്‌ഠിത രക്ത വിതരണ സമയത്ത് പഠന സംഘം നിരവധി വെല്ലുവിളികൾ നേരിട്ടു.