വില കുറഞ്ഞ ഇലക്‌ട്രിക് സ്‌കൂട്ടറുമായി വിപണി പിടിക്കനൊരുങ്ങുകയാണ് ഏഥർ.ഇതിനായി ബാറ്ററി ഉൾപ്പെടുത്താതെയായിരിക്കും കമ്പനി പുതിയ ഇലക്‌ട്രിക് സ്‌കൂട്ടർ പുറത്തിറക്കുക. എന്നാൽ ബാറ്ററി വാടകയ്‌ക്കെടുക്കാൻ സാധിക്കും. വാടകയ്‌ക്കെടുക്കാവുന്ന ബാറ്ററി-ആസ്-എ-സർവീസ് (BaaS) മോഡൽ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പുകൾ കമ്പനി ആരംഭിച്ചു കഴിഞ്ഞതായി ഏഥർ എനർജി ചീഫ് ബിസിനസ് ഓഫിസർ രവ്‌നീത് ഫോകെല സ്ഥിരീകരിച്ചു.
ഇലക്ട്രിക് വാഹനങ്ങൾ ICE മോഡലുകളേക്കാൾ കൂടുതൽ താങ്ങാനാവുന്നതാക്കുന്ന ഒരു ബിസിനസ് മോഡലാണ് ബാറ്ററി-ആസ്-എ-സർവീസ് (BaaS) വഴി ഏഥർ ലക്ഷ്യമിടുന്നത്. ഇതുപ്രകാരം വാഹനം വാങ്ങുമ്പോൾ ബാറ്ററി ഉണ്ടായിരിക്കില്ല. പിന്നീട് ഉപഭോക്താക്കൾക്ക് ബാറ്ററിയുടെ ഉപയോഗത്തിന് സബ്‌സ്‌ക്രിപ്‌ഷൻ അടിസ്ഥാനത്തിലോ അല്ലെങ്കിൽ കിലോമീറ്ററിനനുസരിച്ചോ പണം നൽകിയാൽ മതിയാകും.
ഒരു ഇലക്ട്രിക് വാഹനത്തിന്‍റെ വിലയുടെ ഏകദേശം 30-40 ശതമാനം ചെലവും ബാറ്ററിക്കാണ്. ഈ പദ്ധതി ഒരു ഇലക്ട്രിക് വാഹനത്തിന്‍റെ പ്രാരംഭവില കുറയ്‌ക്കും. പെട്രോൾ വില വെല്ലുവിളിയാകുന്ന സാഹചര്യത്തിൽ ഇലക്‌ട്രിക് വാഹനങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നവരായിരിക്കും പലരും. എന്നാൽ ചിലർക്ക് വാഹനമെടുക്കുമ്പോഴുള്ള മൊത്തം ചെലവ് ഒറ്റയടിക്ക് താങ്ങാൻ കഴിഞ്ഞെന്ന് വരില്ല. ഇങ്ങനെയുള്ളവർക്ക് ഈ പദ്ധതി തികച്ചും ഗുണം ചെയ്യും. ഇവർക്ക് ബാറ്ററി തുക നൽകാതെ വാഹനമെടുത്ത് പിന്നീട് ബാറ്ററി വാടകയ്‌ക്കെടുത്താൽ മതിയാകും.
അതേസമയം, BaaS മോഡൽ എപ്പോൾ പുറത്തിറക്കുമെന്ന് ഫോകെല വെളിപ്പെടുത്തിയിട്ടില്ല. ലഭിച്ച വിവരങ്ങളനുസരിച്ച് ഇത് ഒരാഴ്‌ചയ്‌ക്കുള്ളിൽ പ്രഖ്യാപിച്ചേക്കും. ഏഥർ നർജിയുടെ ഏറ്റവും വലിയ ഓഹരി ഉടമയായ ഹീറോ മോട്ടോകോർപ്പ് ജൂലൈ 1 മുതൽ വരാനിരിക്കുന്ന വിഡ VX2 ഇലക്ട്രിക് സ്‌കൂട്ടറിനായി BaaS മോഡൽ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
റീട്ടെയിൽ സ്റ്റോറുകളുടെ എണ്ണം ഇരട്ടിയാക്കുന്നതിനായും ഏഥർ പരിശ്രമിക്കുന്നുണ്ട്. ഈ വർഷം അവസാനത്തോടെ റീട്ടെയിൽ സ്റ്റോറുകളുടെ എണ്ണം 350 ൽ നിന്ന് 750 ആക്കി ഉയർത്തുമെന്നാണ് ഏഥർ പ്രഖ്യാപിച്ചത്. വടക്കേ ഇന്ത്യയിലെ നഗരങ്ങളിലേക്കും, ജനസാന്ദ്രത കൂടുതലിടങ്ങളിലും ആയിരിക്കും പുതിയ റീട്ടെയിൽ സ്റ്റോറുകൾ തുറക്കുക. കൂടാതെ താങ്ങാനാവുന്ന വിലയുള്ള ഇലക്ട്രിക് സ്‌കൂട്ടറുകൾക്കായുള്ള പുതിയ പ്ലാറ്റ്‌ഫോം അവതരിപ്പിക്കുന്നതിനൊപ്പം അടുത്ത തലമുറ ഫാസ്റ്റ് ചാർജിങ് സാങ്കേതികവിദ്യയും കമ്പനി കൊണ്ടുവരും.
പുതിയ ‘EL’ പ്ലാറ്റ്‌ഫോമും കൺസെപ്റ്റ് വാഹനങ്ങളും അവതരിപ്പിക്കുമെന്ന് കമ്പനി അടുത്തിടെ പറഞ്ഞിരുന്നു. അടുത്ത തലമുറ ഫാസ്റ്റ് ചാർജറും അടുത്ത തലമുറ ഫാസ്റ്റ് ചാർജറും അതിന്‍റെ സോഫ്റ്റ്‌വെയർ സ്റ്റാക്കിന്‍റെ നൂതന പതിപ്പായ ഏഥർ സ്റ്റാക്ക് 7.0 ഉം പുറത്തിറക്കാൻ പദ്ധതിയിടുന്നതായാണ് കമ്പനി പറഞ്ഞത്. ചെലവ് കുറഞ്ഞതും വൈവിധ്യമാർന്നതുമായ രീതിയിൽ രൂപകൽപ്പന ചെയ്‌ത പുതിയ EL പ്ലാറ്റ്‌ഫോം ഉപഭോക്തൃ ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഏഥറിനെ സഹായിക്കും.
എതിരാളികളെ പോലെ ഒരു ലക്ഷം രൂപയിൽ താഴെ വിലയുള്ള വിഭാഗത്തിലേക്ക് പ്രവേശിക്കാൻ ഏഥർ തയ്യാറായിരുന്നില്ല. കമ്പനിയുടെ ഫ്ലാഗ്‌ഷിപ്പ് 450 മോഡലിന് 1.2 മുതൽ 1.9 ലക്ഷം രൂപ വരെയാണ് വില. അതേസമയം ഫാമിലി ഓറിയന്‍റഡ് റിസ്റ്റ സ്‌കൂട്ടറിന് 1.1 ലക്ഷം രൂപ വിലയുണ്ട്.
















