Kerala

കൂത്തുപറമ്പ് വെടിവെപ്പ് നടത്തിയത് യു ഡി എഫ് സർക്കാർ: എം വി ഗോവിന്ദന്‍

കൂത്തുപറമ്പ് വെടിവെപ്പില്‍ റവാഡയ്ക്ക് പങ്കില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പട്ടികയിലെ മെച്ചപ്പെട്ട ആളെന്ന നിലയിലാണ് റവാഡയെ തെരഞ്ഞെടുത്തതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. കൂത്തുപറമ്പ് വെടിവെപ്പ് നടത്തിയത് യുഡിഎഫ് സര്‍ക്കാരാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

കെ കരുണാകരന്റെ ഭരണകാലത്താണ് ആ സംഭവം നടന്നത്. തങ്ങളുടെ അഞ്ച് സഖാക്കളെ അവര്‍ കൊലപ്പെടുത്തി. ഈ കാലയളവില്‍ നിലവില്‍ വന്ന യുഡിഎഫ് സംവിധാനങ്ങളാണ് സിപിഐഎമ്മിനും ഇടതുപക്ഷത്തിനും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കും എതിരെ മൃഗീയമായ കൊലപാതകങ്ങള്‍ അടക്കം നടത്തിയത്. കൂത്തുപറമ്പിലും അതുതന്നെയാണ് സംഭവിച്ചതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. കൂത്തുപറമ്പില്‍ വെടിവെപ്പിന് നേതൃത്വം നല്‍കിയത് ഹക്കിം ബത്തേരിയും ടി ടി ആന്റണിയുമാണ്. റവാഡ ചന്ദ്രശേഖര്‍ കേസില്‍ പ്രതിയായിരുന്നു എന്നത് ശരിയാണ്. എന്നാല്‍ അന്വേഷണ കമ്മീഷനും കോടതിയും കുറ്റവിമുക്തനാക്കിയതാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്നാണ് ഡിജിപിയെ തീരുമാനിക്കേണ്ടതെന്നും അല്ലാതെ പാര്‍ട്ടി നല്‍കുന്ന ക്ലീന്‍ചിറ്റ് അുസരിച്ചല്ല വിഷയത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. സ്വതന്ത്രമായ സംവിധാനമാണ് യുപിഎസ്പി. അവരാണ് ഡിജിപി സ്ഥാനത്തേയ്ക്ക് മൂന്നാളുകളുടെ പേരുകള്‍ നല്‍കിയത്. അതില്‍ നിന്ന് ഒരാളെയാണ് മന്ത്രിസഭ തീരുമാനിച്ചത്. ഭരണഘടനാപരമായ കര്‍ത്തവ്യമാണ് മന്ത്രിസഭ നിര്‍വഹിച്ചതെന്നും അതിന്റെ പേരിലുള്ള പ്രശ്‌നങ്ങള്‍ ചിലര്‍ ബോധപൂര്‍വ്വം സൃഷ്ടിക്കുകയാണെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേർത്തു.

Latest News