മഴക്കാലത്ത് നമ്മുടെ വീടുകളിലും പരിസരങ്ങളിലും കാണുന്ന സ്ഥിര സാന്നിധ്യമാണ് ഒച്ച്. ശല്യക്കാരായ ഇവരെ തുരത്താൻ നോക്കിയിട്ട് സാധിക്കാത്തവരാണോ നിങ്ങൾ ? എങ്കിൽ ഇത് നിങ്ങൾക്കുള്ളതാണ്. ഒച്ചുകളെ വളരെ എളുപ്പത്തിൽ തുരത്താൻ സാധിക്കുന്ന ചില കിടിലൻ വിദ്യകൾ പറഞ്ഞുതാരം.
വിനാഗിരിയും ഉപ്പും
ഒരു സ്പ്രേ ബോട്ടിലിൽ തുല്യ അളവിൽ വെള്ളവും വെളുത്ത വിനാഗിരിയും എടുത്ത് നന്നായി കലർത്തുക. ഈ ലായനി ഒച്ചുകളുടെ ശരീരത്തിലേക്ക് നേരിട്ട് തളിക്കുക. അവ പെട്ടെന്ന് തന്നെ ചുരുങ്ങുകയും ഇല്ലാതാവുകയും ചെയ്യുന്നത് കാണാം. ഒച്ചുകൾ വരാൻ സാധ്യതയുള്ള നടപ്പാതകൾ, മതിലുകൾ, ചെടിച്ചട്ടികളുടെ വക്കുകൾ എന്നിവിടങ്ങളിൽ ഈ ലായനി തളിക്കാവുന്നതാണ്.
മുട്ടത്തോട്
മുട്ടത്തോടുകൾ ഒച്ചുകളെ തുരത്താനുള്ള ഏറ്റവും നല്ല മാർഗ്ഗങ്ങളിൽ ഒന്നാണ്. മുട്ടത്തോടുകൾ നന്നായി കഴുകി ഉണക്കി ചെറിയ കഷ്ണങ്ങളാക്കി പൊടിച്ചെടുക്കുക. ഇത് ചെടികളുടെ ചുവട്ടിലും ഒച്ചുകൾ വരുന്ന സ്ഥലങ്ങളിലും വിതറുക. ഒച്ചുകൾക്ക് ഈ പൊടിച്ച മുട്ടത്തോടുകളിലൂടെ സഞ്ചരിക്കാൻ കഴിയില്ല. അതുകൂടാതെ മുട്ടത്തോടിലുള്ള കാൽസ്യം ചെടികൾക്ക് വളമായി മാറുകയും ചെയ്യും.
കാപ്പിപ്പൊടി
ഒച്ചുകള്‍ വരുന്ന സ്ഥലങ്ങളില്‍ കാപ്പിപ്പൊടി വിതറുന്നത് ഒച്ചുകളെ അകറ്റാൻ സഹായിക്കും. കാപ്പിപ്പൊടിയിലെ കഫീൻ ഒച്ചുകൾക്ക് വിഷമാണ്. അതുകൊണ്ട് ഉപയോഗിച്ച കാപ്പിപ്പൊടി കളയാതെ ചെടികളുടെ ചുവട്ടിൽ വിതറുന്നത് ഒച്ചുകളെ തുരത്താനും ചെടികൾക്ക് പോഷകം നൽകാനും സഹായിക്കും.
ഉപ്പ്
ഒച്ചുകളെ തുരത്താൻ പണ്ടുമുതലേ ഉപയോഗിക്കുന്ന ഒന്നാണ് ഉപ്പ്. ഒച്ചിന്റെ ശരീരത്തിലെ ജലാംശം വലിച്ചെടുത്ത് അവയെ നിർജ്ജലീകരിക്കാന്‍ ഉപ്പിന് കഴിയും. ഒച്ചുകളെ നേരിട്ട് ഉപ്പ് വിതറുന്നത് അവയെ നശിപ്പിക്കും. പക്ഷേ, ഇത് ചെടികൾക്ക് ദോഷകരമാകാൻ സാധ്യതയുള്ളതുകൊണ്ട് ചെടികളിൽ വീഴാതെ ശ്രദ്ധിക്കുക. ഒച്ചുകൾ കൂട്ടമായി വരുന്ന സ്ഥലങ്ങളിൽ ഉപ്പ് വിതറുന്നതാണ് നല്ലത്.
വെളുത്തുള്ളി ലായനി
രൂക്ഷഗന്ധമുള്ള വെളുത്തുള്ളി ഒച്ചുകളെ അകറ്റാൻ വളരെ നല്ലതാണ്. കുറച്ച് വെളുത്തുള്ളി അല്ലികൾ ചതച്ച് വെള്ളത്തിൽ കലർത്തി ഒരു രാത്രി വെക്കുക. പിറ്റേ ദിവസം ഈ ലായനി അരിച്ചെടുത്ത് ഒരു സ്പ്രേ ബോട്ടിലിൽ ഒഴിച്ച് ഒച്ചുകൾ കാണുന്ന സ്ഥലങ്ങളിലും ചെടികളിലും തളിക്കുക. വെളുത്തുള്ളിയുടെ ഗന്ധം ഒച്ചുകളെ അകറ്റി നിർത്തും.
ബിയർ കെണി
ഇതൊരു തമാശയായി തോന്നാമെങ്കിലും ബിയർ ഒച്ചുകളെ ആകർഷിക്കുന്ന ഒന്നാണ്. ചെറിയ പാത്രങ്ങളിൽ ബിയർ ഒഴിച്ച് ഒച്ചുകൾ വരുന്ന സ്ഥലങ്ങളിൽ വെക്കുക. ബിയറിന്റെ ഗന്ധം ഒച്ചുകളെ ആകർഷിക്കുകയും അവ പാത്രത്തിൽ വീണ് മുങ്ങിമരിക്കുകയും ചെയ്യും. രാവിലെ ഈ കെണികൾ പരിശോധിച്ച് ഒച്ചുകളെ നീക്കം ചെയ്യുക.
നാരങ്ങാ തൊലി
ഓറഞ്ച്, നാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങളുടെ തൊലികൾ ഒച്ചുകൾക്ക് ഇഷ്ടമല്ല. ഈ തൊലികൾ ചെറിയ കഷ്ണങ്ങളാക്കി ഒച്ചുകൾ വരുന്ന സ്ഥലങ്ങളിലും ചെടികളുടെ ചുവട്ടിലും വെക്കുക. ഇവയുടെ ഗന്ധം ഒച്ചുകളെ അകറ്റി നിർത്താൻ സഹായിക്കും.
ചാരം
വിറക് കത്തിച്ച ചാരം ഒച്ചുകളെ തുരത്താൻ ഉപയോഗിക്കാം. ചാരം ചെടികളുടെ ചുറ്റും ഒരു വരയായി വിതറുന്നത് ഒച്ചുകൾക്ക് കടന്നുപോകാൻ ബുദ്ധിമുട്ടുണ്ടാക്കും. ചാരത്തിലെ ക്ഷാരഗുണം ഒച്ചുകൾക്ക് അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യും.
വീടിനകത്തേക്ക് ഒച്ചുകൾ വരുന്നത് തടയാം
വീടിനുള്ളിലും പരിസരത്തും അമിതമായ ഒച്ച് ശല്യം ഉണ്ടെങ്കില്‍ അതിനു ചില കാരണങ്ങള്‍ കാണും. ഇവ പരിഹരിച്ചാല്‍ ഒച്ച് വരുന്നത് നിയന്ത്രിക്കാം.