സെയ്ഫ് അലി ഖാനു നേരെ നടന്ന ആക്രമണത്തെക്കുറിച്ച് മനസുതുറന്ന് ബോളിവുഡ് താരം കരീന കപൂർ ഖാൻ. ജനുവരിയിൽ ആയിരുന്നു മുംബൈയിൽ വെച്ച് സെയ്ഫ് അലി ഖാന്റെ വീട്ടില്‍ മോഷണശ്രമം നടന്നതും താരത്തിന് കുത്തേറ്റതും. അന്നത്തെ ആഘാതത്തിൽ നിന്നും കുടുബം ഇതുവരെയും കരകയറിയിട്ടില്ലെന്ന് കരീന കപൂർ.
‘എന്റെ കുട്ടിയുടെ മുറിയില്‍ അപ്രതീക്ഷിതമായി ഒരാളെ കാണുന്ന സാഹചര്യത്തെ നേരിടുകയെന്നത് എനിക്ക് ഇപ്പോഴും ദുഷ്‌കരമാണ്. കാരണം, മുംബൈയില്‍ അങ്ങനെയൊരു കാര്യം സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലല്ലോ. ഒരാള്‍ പൊടുന്നനെ കയറിവന്ന് നിങ്ങളുടെ ഭര്‍ത്താവിനെ ആക്രമിക്കുന്നു, കുത്തിപ്പരിക്കേല്‍പ്പിക്കുന്നു. മുംബൈയില്‍ കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ്. ആ സംഭവവുമായി ഞങ്ങള്‍ ഇപ്പോഴും 100 ശതമാനം പൊരുത്തപ്പെട്ടിട്ടില്ല. ഭയം കാരണം കുറഞ്ഞത് ഞാന്‍ മാത്രമെങ്കിലും അതിനോട് പൊരുത്തപ്പെട്ടിട്ടില്ല.’ -കരീന കപൂര്‍ പറഞ്ഞു.
‘ആ സംഭവത്തിനുശേഷം രണ്ട് മാസത്തോളം വലിയ ഉത്കണ്ഠയിലായിരുന്നു. ഉറങ്ങാനൊക്കെ വളരെ ബുദ്ധിമുട്ടി. ഒന്നും സാധാരണ പോലെയായിരുന്നില്ല. അതിന്റെ ഓര്‍മ്മകള്‍ മങ്ങിപ്പോകുന്നുണ്ടായിരുന്നു. പക്ഷേ ആ അനുഭവം ഉള്ളില്‍ തന്നെയുണ്ട്. അപ്പോഴാണ് അതിന്റെ മുറിവുകള്‍ ഉണങ്ങാന്‍ തുടങ്ങുകയെന്ന് ഞാന്‍ തിരിച്ചറിയുന്നു. എന്റെ മക്കള്‍ക്കുമുന്നില്‍ പേടിച്ച് ജീവിക്കാന്‍ എനിക്ക് കഴിയില്ല. കാരണം അത് അവരെയും പേടിപ്പിക്കും. ഭയത്തില്‍ നിന്നും ഉത്കണ്ഠയില്‍ നിന്നും പുറത്തുകടക്കുന്നത് ദുഷ്‌കരമായ യാത്രയായിരുന്നു.’ -കരീന തുടര്‍ന്നു.
അതേസമയം അന്നത്തെ സംഭവം തന്റെ കുടുംബത്തെ കരുത്തുറ്റതാക്കിയെന്നും കരീന കൂട്ടിച്ചേര്‍ത്തു. ‘ഞാന്‍ ഇപ്പോള്‍ സന്തോഷവതിയും അനുഗ്രഹിക്കപ്പെട്ടവളുമാണ്. ഞങ്ങള്‍ സുരക്ഷിതരായിരിക്കുന്നതിന് ദൈവത്തിന് നന്ദി. ഞങ്ങള്‍ ഇപ്പോഴൊരു കരുത്തുറ്റ കുടുംബമാണ്. എന്റെ ഇളയമകന്‍ ഇപ്പോഴും പറയും, അവന്റെ അച്ഛന്‍ ബാറ്റ്മാനും അയണ്‍മാനുമാണെന്ന്.’ -കരീന കപൂര്‍ പറഞ്ഞു.
ജനുവരി 15-നാണ് ബോളിവുഡ് താരം സെയ്ഫ് അലി ഖാന്റെ വീട്ടില്‍ ഒരാള്‍ അതിക്രമിച്ചു കയറുന്നതും താരത്തെ കുത്തിവീഴ്ത്തുന്നതും. ആക്രമണത്തില്‍ നടന് ആറ് തവണ കുത്തേല്‍ക്കുകയും കത്തി മുറിഞ്ഞ് ശരീരത്തില്‍ തറയ്ക്കുകയും ചെയ്തു. ചോരയില്‍ കുളിച്ച നടനെ ഓട്ടോറിക്ഷയിലാണ് ആശുപത്രിയില്‍ എത്തിച്ചത്. ആക്രമണശേഷം പ്രതി വീട്ടില്‍ നിന്ന് രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടിരുന്നു. നടനെ ആക്രമിച്ച ബംഗ്ലാദേശ് പൗരന്‍ ഷരീഫുള്‍ ഇസ്ലാമിനെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു.