ഓപ്പൺ എഐ വികസിപ്പിച്ചെടുത്ത ഒരു നിർമിതബുദ്ധി അടിസ്ഥാനമാക്കിയ ചാറ്റ്ബോട്ടാണ് ചാറ്റ് ജിപിടി. ഇപ്പോഴിതാ ചാറ്റ് ജിപിടിയെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് കമ്പനി സിഇഒ ആയ സാം ആള്‍ട്ട്മാന്‍ തന്നെ പറയുന്നു. ഇന്ന് ലോകത്ത് നിരവധി ആളുകളാണ് വിവിധ ആവശ്യങ്ങൾക്കായി ചാറ്റ് ജിപിടിയെ ആശ്രയിക്കുന്നത്.
ചാറ്റ് ജിപിടിയില്‍ ആളുകള്‍ ഇത്രയധികം വിശ്വാസം അര്‍പ്പിക്കുന്നത് കൗതുകകരമായി തോന്നുന്നുവെന്ന് മാതൃകമ്പനിയായ ഓപ്പണ്‍ എഐ സിഇഒ സാം ആള്‍ട്ട്മാന്‍. നിര്‍മിതബുദ്ധി (എ.ഐ) ക്ക് തെറ്റുപറ്റാമെന്നും തെറ്റിദ്ധരിപ്പിക്കുന്നതോ തെറ്റായതോ ആയ ഉള്ളടക്കം സൃഷ്ടിക്കപ്പെടാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചാറ്റ് ജിപിടിയെ അമിതമായി വിശ്വസിക്കരുത്. ജനങ്ങള്‍ക്ക് ചാറ്റ് ജിപിടിയില്‍ വളരെ ഉയര്‍ന്ന തോതിലുള്ള വിശ്വാസമുണ്ട്. പക്ഷെ എ.ഐ കാര്യങ്ങള്‍ കെട്ടിച്ചമയ്ക്കാന്‍ സാധ്യതയുണ്ട്. അമിതമായി വിശ്വസിക്കാന്‍ പാടില്ലാത്ത ഒരു സാങ്കേതികവിദ്യയായിരിക്കണം അതെന്നും ഓപ്പണ്‍ എഐയുടെ സ്വന്തം ഉത്പന്നമായ ചാറ്റ് ജിപിടിയെക്കുറിച്ച് കമ്പനി സിഇഒ പറഞ്ഞു. ഓപ്പണ്‍ എ.ഐയുടെ ഔദ്യോഗിക പോഡ്കാസ്റ്റില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
പുതിയ സവിശേഷതകളോടെ ചാറ്റ്ജിപിടി വികസിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. എങ്കിലും ഈ സാങ്കേതികവിദ്യയ്ക്ക് ഇപ്പോഴും വ്യക്തമായ പരിമിതികളുണ്ട്. അവ സത്യസന്ധതയോടും സുതാര്യതയോടും കൂടി കൈകാര്യം ചെയ്യേണ്ടതുണ്ട്. സമീപകാല മുന്നേറ്റങ്ങള്‍ സ്വകാര്യത സംബന്ധിച്ച പുതിയ ആശങ്കകള്‍ ഉയര്‍ത്തിയിട്ടുണ്ട്. ഉള്ളടക്കങ്ങള്‍ ഉപയോഗിക്കുന്നതും പകര്‍പ്പവകാശ വിഷയങ്ങളും സംബന്ധിച്ച് ദി ന്യൂയോര്‍ക്ക് ടൈംസ് ഉള്‍പ്പെടെയുള്ള മാധ്യമ സ്ഥാപനങ്ങളില്‍ നിന്ന് ഓപ്പണ്‍ എ.ഐ നിയമപരമായ പ്രശ്‌നങ്ങള്‍ നേരിടുന്ന സമയത്താണ് ആള്‍ട്ട്മാന്റെ പരാമര്‍ശങ്ങള്‍ എന്നത് ശ്രദ്ധേയമാണ്. ‘നമ്മള്‍ സത്യസന്ധരായിരിക്കണം. ഇത് അമിതമായി വിശ്വസിക്കാന്‍ കഴിയുന്ന സാങ്കേതികവിദ്യയല്ല’ – അദ്ദേഹം പറഞ്ഞു.
നിലവിലെ കമ്പ്യൂട്ടറുകള്‍ എ.ഐ ഇല്ലാത്ത ലോകത്തിനുവേണ്ടി രൂപകല്‍പ്പന ചെയ്തവയാണ്. നിര്‍മിതബുദ്ധി കൂടുതല്‍ വ്യാപകമാകുമ്പോള്‍ ഉപയോക്താക്കള്‍ക്ക് പുതിയ ഉപകരണങ്ങള്‍ ആവശ്യമായി വരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.