ആപ്പിള്‍ കമ്പനി വികസിപ്പിച്ചെടുത്ത ഒരു പ്രീമിയം സ്മാർട്ട്ഫോൺ ആണ് ഐഫോണ്‍. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ആപ്പിള്‍ കമ്പനി പുറത്തിറക്കുമെന്നു കരുതുന്ന ഐഫോണ്‍ 17 സീരിസില്‍ പ്രതീക്ഷിക്കുന്ന ഫീച്ചറുകളെക്കുറിച്ചും എന്തൊക്കെയാണ് പുതിയ മാറ്റങ്ങളെന്നും അറിയാം.
ഐഫോണ്‍ 17, ഐഫോണ്‍ 17 എയര്‍, ഐഫോണ്‍ 17 പ്രോ, ഐഫോണ്‍ 17 പ്രോ മാക്‌സ് എന്നീ മോഡലുകളാണ് ഈ വര്‍ഷം പ്രതീക്ഷിക്കുന്നത്. ഇവയിലെ സ്റ്റാര്‍ ആയ പ്രോ മോഡലുകളുടെ ക്യാമറാ വിന്യാസത്തില്‍ മുന്‍ മോഡലുകളെ അപേക്ഷിച്ച് വ്യത്യാസം ഒറ്റ നോട്ടത്തില്‍ പ്രകടമായിരിക്കുമെന്നാണ് പുതിയ അവകാശവാദം.
ആപ്പിള്‍ ഉപകരണങ്ങളെക്കുറിച്ച് താരതമ്യേന വിശ്വസനീയമായ വിവരങ്ങള്‍ പുറത്തുവിടുന്ന ചൈനീസ് ടിപ്സ്റ്റര്‍ മജിന്‍ ബു ആണ് പ്രോ സീരിസിന്റേതെന്നു കരുതപ്പെടുന്ന ചിത്രങ്ങള്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ബ്ലാക് കളര്‍ വേരിയന്റ് ഫോണിന്റെ ഫോട്ടോയാണ് ബു പോസ്റ്റ് ചെയ്തിരിക്കുന്നത്. ഫോണിന്റെ പിന്നില്‍, മുകളിലായി ഉള്ള ക്യാമറ ഐലൻഡ് ആണ് ശ്രദ്ധേയമാകന്നത്. മുന്‍ വര്‍ഷങ്ങളിലേതു പോലെ മൂന്നു ക്യാമറാ സെന്‍സറുകളും എല്‍ഇഡി ലൈറ്റുമുണ്ട്. മുന്‍ മോഡലുകളില്‍ നിന്ന് വ്യത്യസ്തമായി ക്യാമറാ ഐലണ്ട് ഇടത്തെ അറ്റം മുതല്‍ വലത്തെ അറ്റം വരെ നീളുന്നു. വലത്തെ അറ്റത്താണ് എല്‍ഇഡി ലൈറ്റ്.
പുതിയ മേല്‍നോട്ടക്കാരന്‍
പ്രോ മോഡലുകളിലെ നിര്‍മിത ബുദ്ധി (എഐ) മുതല്‍ ക്യാമറ വരെയുള്ള സകല സോഫ്റ്റ്‌വെയര്‍-ഹാര്‍ഡ്‌വെയര്‍ ഫീച്ചറുകളെല്ലാം കരുത്തോടെ പ്രവര്‍ത്തിപ്പിക്കാന്‍ ആപ്പിള്‍ ഇന്നേവരെ മൊബൈല്‍ ഫോണുകള്‍ക്കായി പുറത്തിറക്കിയിരിക്കുന്നതിലേക്കും വച്ച് മികവാര്‍ന്ന പ്രൊസസറും എത്തും-എ19 പ്രോ ചിപ്. ഇത് അതിനൂതന 3എന്‍എം പ്രൊസസ് ഉപയോഗിച്ച് നിര്‍മ്മിച്ചെടുത്തതാണ്. തലേ വര്‍ഷത്തെ പ്രോ സീരിസിനെ അപേക്ഷിച്ച് എത്രമടങ്ങ് അധിക കരുത്ത് ഉണ്ടാകും എ19 പ്രോയ്ക്ക് എന്ന കാര്യം ഇപ്പോള്‍ വ്യക്തമല്ലെങ്കിലും, നിലവിലുള്ള എല്ലാ മൊബൈല്‍ പ്രൊസസറുകളെയും മറികടക്കുന്ന മികവ് പുറത്തെടുക്കുമെന്നാണ് പ്രതീക്ഷ.
ഡിസൈനും വ്യത്യസ്തം
ഐഫോണ്‍ 17 പ്രോ മോഡലുകളുടെ പിന്‍ പ്രതലം പുതിയ രീതിയിലാണ് സൃഷ്ടിച്ചിരിക്കുന്നത്-പാതി ഗ്ലാസും, പാതി അലുമിനിയവും. ഇത് കൂടുതല്‍ ഈടുറ്റ നിര്‍മ്മാണ രീതിയാണ് എന്നു പറയപ്പെടുന്നു. അതേസമയം, വയര്‍ലെസ് ചാര്‍ജിങ് സപ്പോര്‍ട്ടും ചെയ്യും.
സൈസ്
ഐഫോണ്‍ 17 പ്രോ, പ്രോ മാക്‌സ് മോഡലുകളുടെ സ്ക്രീൻ സൈസ് തലേ വര്‍ഷത്തേതിനു തന്നെ ആയിരിക്കുമെന്നാണ് കരുതുന്നത്-യഥാക്രമം 6.3-ഇഞ്ച്, 6.9-ഇഞ്ച്. ഇവയുടെ സ്‌ക്രീന്‍ 120ഹെട്‌സ് റിഫ്രെഷ് റേറ്റുള്ള, പ്രോ മോഷന്‍ പാനലുകളായിരിക്കുമെന്നും കരുതപ്പെടുന്നു.
റാം 12ജിബി
ഇത്തവണ പ്രോ മോഡലുകള്‍ക്ക് 12ജിബി റാം ഉണ്ടായേക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. ഒപ്പം, മികവുറ്റ തെര്‍മൽ മാനേജ്‌മെന്റ് സിസ്റ്റവും ഉള്‍പ്പെടുത്തുമെന്നും കരുതുന്നു. ഇതിനായി വേപ്പര്‍ ചേംബര്‍ ഉള്‍ക്കൊള്ളിക്കുമെന്നും ചില സൂചനകളുണ്ട്. കടുത്ത ഗെയിമര്‍മാര്‍ക്കും, ക്യാമറ അടക്കമുളള ഫീച്ചറുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന കണ്ടെന്റ് ക്രിയേറ്റര്‍മാര്‍ക്കും ഇത് അനുഗ്രഹമായേക്കുമെന്നു കരുതുന്നു.
ക്യാമറാ സിസ്റ്റം
ഐഫോണ്‍ 17 പ്രോ സീരിസിലെ ക്യാമറാ സിസ്റ്റത്തില്‍ പ്രതീക്ഷിക്കുന്ന കാര്യങ്ങള്‍ ഇവയാണ്: പ്രധാന ക്യാമറയ്ക്ക് മാന്യുവലായി നിയന്ത്രിക്കാവുന്ന അപെര്‍ച്ചര്‍ വന്നേക്കാം. ഡെപ്തും, പ്രകാശവും ഫോട്ടോഗ്രാഫര്‍ക്ക് ഇഷ്ടാനുസരണം നിയന്ത്രിക്കാനായിരിക്കും ഇത്. ഇപ്പോഴുള്ള 12എംപി ക്യാമറയ്ക്കു പകരം പുതിയൊരു 48എംപി ടെലിഫോട്ടോ ലെന്‍സ് ഉള്‍പ്പെടുത്തിയേക്കും. സെല്‍ഫി ക്യാമറാ സെന്‍സറിന്റെ റെസലൂഷന്‍ 24എംപി ആയി ഉയര്‍ത്തിയേക്കുമെന്നും കേള്‍ക്കുന്നു.
പ്രതീക്ഷിക്കുന്ന മറ്റു ചില മാറ്റങ്ങള്‍
ഐഫോണ്‍ 17 സീരിസിനു മുഴുവന്‍ വേഗതയാര്‍ന്ന വൈ-ഫൈ 7 സപ്പോര്‍ട്ട് ലഭിച്ചേക്കുമെന്നാണ് കേള്‍വി. റിവേഴ്‌സ് വയര്‍ലെസ് ചാര്‍ജിങ്, സ്‌കൈബ്ലൂ കളര്‍ വേരിയന്റ് തുടങ്ങിയ മാറ്റങ്ങളും ഉണ്ടായേക്കും. എന്നാല്‍, ഡൈാനാമിക് ഐലൻഡിന്റെ വലുപ്പം കുറയ്ക്കാനുള്ള സാധ്യത ഇതുവരെ പറഞ്ഞുകേട്ടിട്ടില്ല. സ്‌ക്രീന്‍ സൈസിലും വ്യത്യാസമുണ്ടായേക്കില്ലെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന.
അതേസമയം, പോറലേല്‍ക്കുന്നത് കുറയ്ക്കാന്‍ സാധിക്കുന്ന സ്‌ക്രാച്ച് റെസിസ്റ്റന്റ് ഡിസ്‌പ്ലേ കോട്ടിങ് ആയിരിക്കും ഇത്തവണ പ്രോ മോഡലുകള്‍ക്കു നല്‍കുക എന്നു പറഞ്ഞുകേട്ടിരുന്നു എങ്കിലും അതിന് സാധ്യത കുറഞ്ഞു എന്നും പറയപ്പെടുന്നു. ഇതൊക്കെയാണെങ്കിലും, ഐഫോണ്‍ പ്രേമികള്‍ക്ക് നിരാശാജനകമായ ഒരു വാര്‍ത്തയുമുണ്ട്. ഇത്തവണത്തെ ഐഫോണ്‍ 17 സീരിസിന് മൊത്തത്തില്‍ വില വര്‍ദ്ധന കണ്ടേക്കുമെന്നാണ് കേള്‍വി.