India

ശിവഗംഗ കസ്റ്റഡി മരണത്തിൽ അന്വേഷണം: സിബിഐക്ക് കൈമാറി തമിഴ്‌നാട് സര്‍ക്കാര്‍ | Sivaganga custodial torture case: government transfers ccase to CBI

സിബിസിഐഡിയുടെ പ്രത്യേകസംഘവും കേസ് അന്വേഷിക്കണം

ശിവഗംഗ കസ്റ്റഡിമരണം സിബിഐക്ക് കൈമാറി തമിഴ്‌നാട് സര്‍ക്കാര്‍. സംഭവത്തില്‍ മദ്രാസ് ഹൈക്കോടതി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് തീരുമാനം. സിബിസിഐഡിയുടെ പ്രത്യേകസംഘവും കേസ് അന്വേഷിക്കണം. അജിത് കുമാര്‍ പൊലീസില്‍ നിന്ന് നേരിട്ടത് അതിക്രൂര പീഡനമാണെന്നും കോടതി വിമര്‍ശിച്ചു. അജിത്തിനെ പൊലീസ് മര്‍ദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. മദ്രാസ് ഹൈക്കോടതിയില്‍ നിന്ന് അതിരൂക്ഷവിമര്‍ശനമേറ്റതിന് പിന്നാലെയാണ് സ്റ്റാലിന്‍ സര്‍ക്കാരിന്റെ നീക്കം. കേസ് സിബിഐക്ക് കൈമാറിയതായും അന്വേഷണത്തോട് പൂര്‍ണമായി സര്‍ഹകരിക്കുമെന്നും എം കെ സ്റ്റാലിന്‍ തന്നെ വ്യക്തമാക്കി. മരിച്ച അജിത് കുമാറിന്റെ വീട്ടുകാരോട് സ്റ്റാലിന്‍ ഫോണില്‍ സംസാരിച്ചു

സംഭവത്തില്‍ പൊലീസിന്റെയും സര്‍ക്കാരിന്റെയും സകലപ്രതിരോധങ്ങളെയും തകര്‍ത്തത് വഴിപോക്കനായി യുവാവ് പകര്‍ത്തിയ ഈ ദൃശ്യങ്ങളാണ്. അജിത് കുമാറിനെ കസ്റ്റഡിയിലെടുത്ത ശേഷം ആളൊഴിഞ്ഞ മൈതാനത്ത് വച്ച് പൊലീസ് ക്രൂരമായി മര്‍ദിച്ചു. മുപ്പതിലധികം പാടുകളാണ് ദേഹത്തുള്ളതെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആന്തരിക രക്തശ്രാവമാണ് മരണകാരണം. അജിത്തിന്റെ മുഖത്തും സ്വകാര്യഭാഗങ്ങളിലും പൊലീസ് മുളകുപൊടി തേച്ചു. പൊലീസ് സ്‌പോണ്‍സേര്‍ഡ് കുറ്റകൃത്യമാണെന്നും വാടകക്കൊലയാളികള്‍ പോലും ഒരാളെ ഇങ്ങനെ മര്‍ദിക്കില്ലെന്നും കോടതി വിമര്‍ശിച്ചു. ജില്ലാ ജഡ്ജി ജോണ്‍ സുന്ദര്‍ലാല്‍ സുരേഷിനാണ് കോടതി ഏര്‍പ്പെടുത്തിയ ജൂഡീഷ്യല്‍ അന്വേഷണത്തിന്റെ ചുമതല. മോഷണം നടന്നുവെന്ന് ആരോപിക്കപ്പെടുന്ന ക്ഷേത്രത്തിലെ സിസിടിവി ഡിവിആര്‍ പൊലീസ് കൊണ്ടുപോയെന്ന് ക്ഷേത്രഭാരവാഹി കോടതിയില്‍ പറഞ്ഞു. എന്നാല്‍ പൊലീസ് പിടിച്ചെടുത്ത സാധനങ്ങളുടെ കൂട്ടത്തില്‍ ഇതില്ല. ഈ സാഹചര്യത്തില്‍ ഡിജിറ്റല്‍ തെളിവുകള്‍ കൃത്യമായി സൂക്ഷിക്കാന്‍ കോടതി നിര്‍ദേശിച്ചു. കേസില്‍ അറസ്റ്റിലായ അഞ്ച് പൊലീസുകാരെ മധുരൈ ജയിലിലേക്ക് മാറ്റി.ശിവഗംഗ എസ്പി ആഷിഷ് റാവത്തിനെ ചുമതലയില്‍ നിന്ന് നീക്കി. പ്രതിപക്ഷപാര്‍ട്ടികള്‍ സര്‍ക്കാരിനെതിരായ പ്രതിഷേധം കടുപ്പിക്കുകയാണ്.

STORY HIGHLIGHT :  sivaganga-custodial-torture-case-government-transfers-ccase-to-cbi