തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. രക്തസമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലാക്കാൻ ചികിത്സ തുടരുകയാണ്. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു. ജീവൻ നിലനിർത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്.
സർക്കാർ നിയോഗിച്ച ഏഴംഗ വിദഗ്ധ സംഘത്തിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ചികിത്സ തുടരുകയാണ്. നിലവിൽ 72 മണിക്കൂർ നീണ്ടു നിൽക്കുന്ന ഡയാലിസിസ് നൽകുന്നുണ്ട്. 11 മണിയോടെ മെഡിക്കൽ ബോർഡ് യോഗം ചേർന്ന് ആരോഗ്യസ്ഥിതി വിലയിരുത്തും. നിലവിൽ നൽകുന്ന ചികിത്സയും വെന്റിലേറ്റർ സപ്പോർട്ടും തുടരാനാണ് മെഡിക്കൽ ബോർഡിന്റെ തീരുമാനം.കഴിഞ്ഞ മാസം 23ന് രാവിലെയാണ് ഹൃദയാഘാതത്തെ തുടർന്ന് വിഎസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിരുവനന്തപുരത്തെ ആശുപത്രിയിലെത്തി വിഎസിനെ സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി ഇന്നലെ സന്ദർശിച്ചിരുന്നു.