ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏറ്റവും ദൈർഘ്യമേറിയ വിദേശപര്യടനത്തിന് ഇന്ന് തുടക്കം. എട്ടു ദിവസം നീളുന്ന പര്യടനത്തിൽ ഘാന, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, അർജന്റീന, ബ്രസീൽ, നമീബിയ എന്നീ രാജ്യങ്ങൾ പ്രധാനമന്ത്രി സന്ദർശിക്കും. ബ്രസീലിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനും മറ്റുരാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം ഊട്ടിയുറപ്പിക്കുന്നതിനുമായാണ് അഞ്ച് രാജ്യങ്ങളിലേക്ക് പോകുന്നത്. കഴിഞ്ഞ പത്തുവർഷത്തിനിടെ പ്രധാനമന്ത്രിയുടെ ഏറ്റവും ദൈർഘ്യമേറിയ നയതന്ത്രസന്ദർശനംകൂടിയാണിത്.
ഇന്നു ഇന്ത്യൻ സമയം 2.30നു ഘാനയിലെ അക്രയിലെത്തുന്ന പ്രധാനമന്ത്രി മോദി പ്രസിഡന്റ് ജോൺ ദ്രാമനി മഹാമയുമായി ചർച്ച നടത്തും. രാത്രി അദ്ദേഹമൊരുക്കുന്ന അത്താഴവിരുന്നിലും പങ്കെടുക്കുന്നുണ്ട്. നാളെ ഘാനയിലെ ഇന്ത്യൻ സമൂഹവുമായും കൂടിക്കാഴ്ച നടത്തും. 30 വർഷത്തിനുശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഘാനയിലെത്തുന്നത്.
മോദിയുടെ വിദേശസന്ദർശനത്തെ വിമർശിച്ച് കോൺഗ്രസ് രംഗത്തെത്തി. പതിവുയാത്രയ്ക്ക് പ്രധാനമന്ത്രി അഞ്ചുരാജ്യങ്ങളിൽ പര്യടനത്തിന് പോവുകയാണെന്നും മണിപ്പുർ അടക്കം രാജ്യത്തെ ഇളക്കിമറിക്കുന്ന വിഷയങ്ങളിൽനിന്ന് അദ്ദേഹം ഒളിച്ചോടുകയാണെന്നും കോൺഗ്രസ് നേതാവ് ജയറാം രമേഷ് ആരോപിച്ചു.