വാഷിങ്ടൻ: റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ള യുഎസ് സെനറ്റിൽ ഡോണൾഡ് ട്രംപിന്റെ ബിഗ് ബ്യൂട്ടിഫുൾ ബില്ലിന് അംഗീകാരം. സെനറ്റിലെ 100 അംഗങ്ങളിൽ 50 പേർ അനുകൂലിച്ചും 50 പേർ എതിർത്തും വോട്ടുചെയ്തു. സെനറ്റ് അധ്യക്ഷനായ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് അനുകൂലിച്ച് വോട്ടുചെയ്തതോടെ ബിൽ പാസായി.
അടുത്ത ഘട്ടത്തിൽ ബിൽ പ്രതിനിധി സഭയിലേക്കു പോകും. സാമൂഹിക ക്ഷേമ പദ്ധതികൾ വെട്ടിക്കുറയ്ക്കാനും ദേശീയ കടത്തിൽ 3 ട്രില്യൺ ഡോളർ കൂട്ടിച്ചേർക്കാനും ഉദ്ദേശിച്ചുള്ള ബില്ലാണ് ട്രംപ് അവതരിപ്പിച്ചത്. ട്രംപിന്റെ ഒന്നാംഭരണകാലത്തുണ്ടായിരുന്ന 4.5 ലക്ഷംകോടി ഡോളറിന്റെ നികുതിയിളവുകൾ പുതുക്കുന്ന ബിൽ ഭേദഗതികളോടെ വീണ്ടും ജനപ്രതിനിധിസഭയിലെത്തും. അവിടെ പാസാക്കി യുഎസിന്റെ സ്വാതന്ത്ര്യദിനമായ വെള്ളിയാഴ്ച ബില്ലിൽ ഒപ്പിടണമെന്നാണ് ട്രംപിന്റെ ആഗ്രഹം.