വാഷിങ്ടൻ: ഗാസയിൽ 60 ദിവസത്തേക്ക് വെടിനിർത്തലിന് ഇസ്രയേൽ സമ്മതമറിയിച്ചതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുദ്ധം അവസാനിപ്പിക്കുന്നതിനായി വെടിനിർത്തൽ സമയത്ത് എല്ലാ കക്ഷികളുമായും ചേർന്ന് പ്രവർത്തിക്കുമെന്നും ട്രംപ് വ്യക്തമാക്കി. ഖത്തറും ഈജിപ്തും അന്തിമനിർദ്ദേശം സമർപ്പിക്കും. ഹമാസ് കരാർ അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഡോണൾഡ് ട്രംപ് പ്രതികരിച്ചു. 60 ദിവസം നീണ്ടു നിൽക്കുന്ന വെടിനിർത്തലിനിടെ കാര്യങ്ങൾ ചർച്ച ചെയ്ത് തീരുമാനമായില്ലെങ്കിൽ ഹമാസ് കൂടുതൽ പ്രതിസന്ധി നേരിടേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് വെടിനിർത്തൽ സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വരുന്നതോടെ ഗാസയിൽ ഇസ്രയേലും ഹമാസും തമ്മിലുള്ള ബന്ദി കൈമാറ്റം സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് പറഞ്ഞു. 2023 ഒക്ടോബർ ഏഴിന് ഹമാസ് ആക്രമണത്തെ തുടർന്നാണ് ഇസ്രയേൽ ഗസ്സയിൽ ആക്രമണം ആരംഭിച്ചത്. ഹമാസ് ബന്ദികളാക്കിയ 250 പേരിൽ 50 പേർ തടങ്കലിൽ കഴിയുകയാണ്. ഇതിൽ 28 പേർ കൊല്ലപ്പെട്ടിരിക്കാമെന്നാണ് അമേരിക്കയുടെ കണക്ക് കൂട്ടൽ. അതേസമയം ഇസ്രയേൽ ആക്രമണത്തിൽ ഗസ്സയിൽ 56,000 പേർക്കാണ് ജീവൻ നഷ്ടമായത്.