ന്യൂഡൽഹി: റേഷൻ കാർഡ് ഉടമകൾക്ക് ഓണക്കാലത്തു കൂടുതൽ അരി അനുവദിക്കണമെന്ന ആവശ്യം കേന്ദ്രം തള്ളി. എപിഎൽ, ബിപിഎൽ വ്യത്യാസമില്ലാതെ ഒരു കാർഡിന് 5 കിലോഗ്രാം അരി അധികമായി നൽകണമെന്നായിരുന്നു ആവശ്യം. പ്രത്യേക അരി വിഹിതം നൽകാൻ കഴിയില്ലെന്ന് കേന്ദ്രം അറിയിച്ചതായി ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ. കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷിയുമായുള്ള കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്.
മുൻപുണ്ടായിരുന്ന ഗോതമ്പ് വിഹിതം പുനഃസ്ഥാപിക്കണമെന്ന ആവശ്യവും കേന്ദ്രം പരിഗണിച്ചില്ല. റേഷൻ കടകളിലെ ഇ–പോസ് മെഷീന്റെ സാങ്കേതിക നവീകരണത്തിനുള്ള സമയപരിധി നീട്ടിനൽകണമെന്ന ആവശ്യം കേന്ദ്രം അംഗീകരിച്ചു. കേരളത്തിനനുവദിച്ച 5676 കിലോലീറ്റർ മണ്ണെണ്ണ ഏറ്റെടുക്കുന്നതിനുള്ള സമയപരിധി ജൂൺ 30ന് അവസാനിച്ചിരുന്നു. ഇത് സെപ്റ്റംബർ 30 വരെ നീട്ടിനൽകണമെന്ന ആവശ്യം കേന്ദ്ര പെട്രോളിയം മന്ത്രി അംഗീകരിച്ചെന്നും മന്ത്രി പറഞ്ഞു.