World

ബ്രിട്ടീഷ് രാജകുടുംബത്തിന്റെ റോയല്‍ ട്രെയിന്‍ 2027 ഓടെ നിര്‍ത്തലാക്കുമെന്ന് റിപ്പോര്‍ട്ട്, കാരണം ഇതാ..

ബ്രിട്ടീഷ് രാജകുടുംബത്തിന്റെ റോയല്‍ ട്രെയിന്‍ 2027 ഓടെ നിര്‍ത്തലാക്കുമെന്ന് റിപ്പോര്‍ട്ട്. ഉപയോഗത്തിന്റെയും പണത്തിന്റെ മൂല്യത്തിന്റെയും അവലോകനത്തിന് ശേഷമാണ് ബക്കിംഗ്ഹാം കൊട്ടാരം തിങ്കളാഴ്ച പ്രഖ്യാപിച്ച ചെലവ് ലാഭിക്കല്‍ നടപടിയുടെ ഭാഗമായി ട്രെയിന്‍ നിര്‍ത്തലാക്കുകയാണെന്ന് അറിയിച്ചത്.

1842-ലാണ് ട്രെയിന്‍ ആരംഭിക്കുന്നത്. വിക്ടോറിയ രാജ്ഞി ഇംഗ്ലണ്ടിലെ സ്ലോയില്‍ നിന്ന് ലണ്ടന്‍ പാഡിംഗ്ടണ്‍ സ്റ്റേഷനിലേക്ക് പ്രത്യേകം നിര്‍മ്മിച്ച ട്രെയിനില്‍ യാത്ര ചെയ്തത് മുതലാണ് രാജകുടുംബത്തിന്റെ സ്വത്തായി മാറിയത്.

സ്ലീപ്പിംഗ് ക്വാര്‍ട്ടേഴ്സും ഒരു ഓഫീസും ഉള്‍പ്പെടെ ഒമ്പത് വണ്ടികളുള്ള റോയല്‍ ട്രെയിന്‍ 1977-ല്‍ എലിസബത്ത് രാജ്ഞിയുടെ രജത ജൂബിലിക്കായി അവതരിപ്പിച്ചു.

എന്നാല്‍ റോയല്‍ ഹൗസ്ഹോള്‍ഡിന്റെ വാര്‍ഷിക അക്കൗണ്ട്സ് റിപ്പോര്‍ട്ട് പ്രകാരം, ഫെബ്രുവരിയില്‍ സ്റ്റാഫോര്‍ഡ്ഷെയറിലെ രാജാവിന്റെ സന്ദര്‍ശനത്തിന് 44,822 പൗണ്ട് (61,800 ഡോളര്‍) ചിലവായി.

കഴിഞ്ഞ വര്‍ഷം ആഡംബര വാഹന നിര്‍മ്മാതാക്കളായ ബെന്റ്ലിയുടെ ചെഷെയര്‍ ആസ്ഥാനത്തേക്കുള്ള മറ്റൊരു യാത്രയ്ക്ക് 33,000 പൗണ്ട് (45,700 ഡോളര്‍) അധികം ചിലവായി.

ഇംഗ്ലണ്ടിലെ വോള്‍വര്‍ട്ടണിലുള്ള സുരക്ഷിത കേന്ദ്രത്തില്‍ റോയല്‍ ട്രെയിന്‍ സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് വലിയ ചിലവുകളുമുണ്ടാകുന്നു.

2027 ന് ശേഷവും റോയല്‍ ട്രെയിന്‍ പ്രവര്‍ത്തനക്ഷമമായി നിലനിര്‍ത്തുന്നതിന് ഭാരിച്ച ചെലവ് കാരണമാണ് ട്രെയിന്‍ ഡീകമ്മീഷന്‍ ചെയ്യാനുള്ള തീരുമാനത്തിന് കാരണമെന്ന് റിപ്പോര്‍ട്ട് പറയുന്നു.

അതേസമയം, രണ്ട് ഹെലികോപ്റ്ററുകളാണ് ബദല്‍ മാര്‍ഗമായി ഉപയോഗിക്കുക.