തിരുവനന്തപുരം: മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്ക് വേണ്ടിയുള്ള ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വിമര്‍ശനമുയര്‍ന്നതിന് പിന്നാലെ പരിഹാസവുമായി സംസ്ഥാന യൂത്ത് കമ്മീഷന്‍ ചെയര്‍മാന്‍ എം ഷാജര്‍. പി ആര്‍ വര്‍ക്ക് ചെയ്ത് ലഭിക്കുന്ന ലൈക്കും ഷെയറും കൊണ്ട് വീട് നിര്‍മ്മിക്കാന്‍ കഴിയില്ലെന്ന് ഷാജര്‍ പരിഹസിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പരിഹാസം.
ലഭിച്ച തുക എത്രയാണങ്കിലും അത് പൊതു സമൂഹത്തെ അറിയിക്കാനുള്ള ധാര്‍മികവും നിയമപരവുമായ ഉത്തരവാദിത്തം ഏതൊരു പ്രസ്ഥാനത്തിനും ഉണ്ടെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ‘ആദ്യം പ്രഖ്യാപിച്ചതിന്റെ നാല് ഇരട്ടി വീടുകള്‍ നിര്‍മ്മിച്ച് നല്‍കാന്‍ ധന സമാഹരണം നടത്തി ഇരുപത് കോടിക്ക് മുകളില്‍ കൈമാറിയ ഡിവൈഎഫ്‌ഐ അഭിമാനമാണ്.
വ്യാജ പ്രഖ്യാപനങ്ങള്‍ അഴിമതിയുടെ ഭാഗം തന്നെയാണ്, ഇത്തരം ഉള്ള് പൊള്ളയായ കാര്യങ്ങളെ തുറന്ന് കാട്ടുക തന്നെ വേണം’, ഷാജര്‍ കൂട്ടിച്ചേര്‍ത്തു.