ഒമാനിൽ വ്യക്തിഗത ആദായനികുതി 2028 ൽ ആരംഭിക്കും. വ്യക്തിഗത ആദായ നികുതി നൽകേണ്ട വിഭാഗങ്ങളുടെ വിവരങ്ങൾ ഒമാൻ പ്രഖ്യാപിച്ചു. 11 വിഭാഗങ്ങളാണ് നികുതിക്ക് വിധേയമാകുന്നത്. 42,000 ഒമാനി റിയാലാണ്(93 ലക്ഷം രൂപ) ആദായ നികുതി പരിധി. ഇതിലേറെ വരുമാനമുള്ളവരാണ് നികുതി നൽകേണ്ടത്. 2028 ജനുവരിയിലാണ് നികുതി പ്രാബല്യത്തിൽ വരിക. വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ഭവന വായ്പ, ചില സംഭാവനകൾ എന്നീ ചെലവുകൾക്ക് പ്രത്യേക ഇളവുകളും കിഴിവുകളും ലഭിക്കും.
മാസ ശമ്പളക്കാർ- അടിസ്ഥാന ശമ്പളം, അലവൻസുകൾ, ബോണസ്, മറ്റു ആനുകൂല്യങ്ങൾ എന്നിവ ആദായ നികുതിയുടെ പരിധിയിൽ വരും. എന്നാൽ, പെൻഷൻ തുക ഒഴിവാക്കി.
സ്വയം തൊഴിൽ- ഫ്രീലാൻസ് അല്ലെങ്കിൽ സ്വതന്ത്ര ജോലിയിൽ നിന്നുള്ള വരുമാനത്തിന് നികുതി നൽകണം. ഇവയുമായി ബന്ധപ്പെട്ട ചെലവുകൾക്ക് 15 ശതമാനം ഇളവുണ്ടാകും.
പാട്ടത്തിനെടുക്കൽ- റിയൽ എസ്റ്റേറ്റ്, ഉപകരണങ്ങൾ അല്ലെങ്കിൽ മറ്റു ആസ്തികൾ വാടകയ്ക്ക് നൽകുന്നതിലൂടെയുള്ള വരുമാനത്തിന് നികുതി ബാധകം.
റോയൽറ്റി- ബൗദ്ധിക സ്വത്ത്, ടെക്‌നിക്കൽ ഉപകരണങ്ങൾ, വ്യാവസായിക ഉപകരണങ്ങൾ എന്നിവയിലൂടെയുള്ള വരുമാനം.
പലിശ- ബാങ്ക് നിക്ഷേപം, സേവിങ്സ് അക്കൗണ്ടുകൾ, നിക്ഷേപ സർട്ടിഫിക്കറ്റുകൾ എന്നിവയിൽ നിന്നുള്ള വരുമാനത്തിന് നികുതി നൽകണം.
ഡിവിഡന്റ്- ഓഹരി, ബോണ്ടുകൾ എന്നിവയിൽ നിന്നുള്ള ലാഭവും നികുതിയുടെ പരിധിയിൽ വരും.
റിയൽ എസ്റ്റേറ്റ് ആസ്തി ഉപയോഗം- വസ്തുക്കൾ വിൽക്കുന്നതിലൂടെ ലഭിക്കുന്ന ലാഭത്തിന് നികുതി നൽകണം. അനന്തരാവകാശം, വിൽപത്രം, ഭാര്യാ- ഭർത്താക്കന്മാരും ഏറ്റവുമടുത്ത ബന്ധുക്കളും തമ്മിലുള്ള കൈമാറ്റം എന്നിവയ്ക്ക് നികുതി ചുമത്തില്ല.
പെൻഷനും റിട്ടയർമെന്റ് ആനുകൂല്യങ്ങളും- വ്യക്തികളുടെ വിരമിക്കൽ ആനുകൂല്യവും പെൻഷനും നികുതി വിധേയമല്ല.
അവാർഡുകളും സമ്മാനങ്ങളും- ലൈസൻസുള്ള മത്സരങ്ങൾ, നറുക്കെടുപ്പുകൾ തുടങ്ങിയവയിൽ നിന്നുള്ള വരുമാനത്തിന് നികുതി നൽകണം.
അതേസമയം രാജ്യത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ യാഥാർഥ‍്യങ്ങളുമായി പൊരുത്തപ്പെടുന്ന തരത്തിൽ ഒമാന്റെ നികുതി സമ്പ്രദായം പൂർത്തിയാക്കുന്നതിനുള്ള പ്രധാന ചുവടുവെപ്പാണിത്. എണ്ണ വരുമാനത്തിലുള്ള ആശ്രയത്വം കുറക്കുക, സമ്പത്തിന്റെ കൂടുതൽ തുല്യമായ വിതരണം ഉറപ്പാക്കുക, സാമൂഹിക ക്ഷേമ പരിപാടികൾക്ക് ധനസഹായം നൽകുക എന്നിവയാണ് നയത്തിന്റെ ലക്ഷ്യം.