തമിഴ്‌നാട്ടിൽ വീണ്ടും സ്ത്രീധനത്തിന്‍റെ പേരിൽ ആത്മഹത്യ. തിരുവള്ളൂർ ജില്ലയിലെ പൊന്നേരി സ്വദേശിനിയായ ലോകേശ്വരി (24) ആണ് മരിച്ചത്. വിവാഹം കഴിഞ്ഞിട്ട് വെറും നാലാം ദിവസമാണ് യുവതി തൂങ്ങിമരിച്ചത്. ജൂൺ 27 നായിരുന്നു പറ്റാവൂർ സ്വദേശിയായ പനീറുമായുള്ള ലോകേശ്വരിയുടെ വിവാഹം.
വിവാഹത്തിന് പനീറിന്റെ കുടുംബം പത്ത് പവനാണ് സ്ത്രീധനമായി ചോദിച്ചത്. അഞ്ച് പവൻ നൽകാമെന്ന് ലോകേശ്വരിയുടെ വീട്ടുകാർ സമ്മതിച്ചെങ്കിലും നാല് പവൻ മാത്രമാണ് വിവാഹ സമയത്ത് നല്കാൻ കഴിഞ്ഞത്. നാല് പവന് പുറമെ ബൈക്കും വസ്ത്രങ്ങളും സമ്മാനമായി നൽകിയെങ്കിലും, വിവാഹം കഴിഞ്ഞയുടൻ ബാക്കി സ്വർണം ആവശ്യപ്പട്ട് പീഡനം ആരംഭിക്കുകയായിരുന്നു.
കുടുംബത്തിലെ മൂത്ത മരുമകൾക്ക് സ്ത്രീധനമായി 12 പവനാണ് കിട്ടിയതെന്നും ബാക്കി തരാനുള്ള ഒരുപവൻ തരണമെന്നും ആവശ്യപ്പെട്ടായിരുന്നു പീഡനം. തുടർന്ന് സ്വന്തം വീട്ടിലെത്തിയ യുവതി മാതാപിതാക്കളോട് ഇക്കാര്യം പറയുകയും ചെയ്തു. ബാക്കി സ്വർണത്തിന് പുറമെ ഭർത്താവിന്റെ വീട്ടിലേക്ക് എസി കൂടി വാങ്ങണമെന്നു പറഞ്ഞ് തന്നെ ഉപദ്രവിച്ചതായി ലോകേശ്വരി മാതാപിതാക്കളോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സ്വന്തം വീട്ടിൽ തന്നെ യുവതി തൂങ്ങിമരിച്ചത്. സംഭവത്തിൽ പൊന്നേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസം മറ്റൊരു സംഭവത്തിൽ, 100 പവൻ നൽകിയിട്ടും പിന്നെയും സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചതിനെ തുടർന്ന് 23 കാരി ജീവനൊടുക്കിയിരുന്നു.