മഴക്കാലങ്ങളിൽ കൂടുതലായി കണ്ടുവരുന്ന ഒന്നാണ് ചിതൽ ശല്യം. കാഴ്ച്ചയിൽ തീരെ ചെറുതാണെങ്കുലും ചിതലുകൾ ഉണ്ടാക്കുന്ന പ്രശ്‌നങ്ങൾ വളരെ വലുതാണ്. അതിനാൽ ചിതലിനെ ഓടിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ചിതലിനെ നശിപ്പിക്കാനുള്ള ചില പ്രകൃതിദത്ത മാർഗങ്ങൾ ഇതാ.
ചെറുചൂടുവെള്ളത്തിൽ ഉപ്പ് കലർത്തി ചിലതുള്ള സ്ഥലങ്ങളിൽ തളിച്ച് കൊടുക്കാം. ഇത് നിർജ്ജലീകരണത്തിന് കാരണമാകുകയും ചിതലുകളെ നശിപ്പിക്കുയും ചെയ്യും.
വെളുത്തുള്ളി എണ്ണ ഉപയോഗിച്ച് ചിതലുകളെ എളുപ്പത്തിൽ ഓടിക്കാൻ സാധിക്കും. ഇതിന്‍റെ രൂക്ഷഗന്ധം ചിതലുകൾക്ക് താങ്ങാൻ കഴിയില്ല. അതിനാൽ ഇത് വെള്ളത്തിൽ കലർത്തി ചിതൽ ശല്യമുള്ള ഇടങ്ങളിൽ തളിക്കുക.
വേപ്പെണ്ണ ചിതലിന്‍റെ ഹോർമോൺ സംവിധാനത്തെ തടസപ്പെടുത്തുകയും അവയെ നശിപ്പിക്കുകയും ചെയ്യും. ചിതൽ അരിച്ച തടിയിൽ വേപ്പെണ്ണ നേരിട്ട് പുരട്ടുകയോ വെള്ളത്തിൽ ചേർത്ത് നേർപ്പിച്ച ശേഷം തളിക്കുകയോ ചെയ്യാം. ഇടവിട്ട് ഇത് ആവർത്തിക്കാം. കാലക്രമേണ ചിതലുകൾ പൂർണമായും ഇല്ലാതാകാൻ ഇത് സഹായിക്കും.
വിനാഗിരി ഒരു പ്രകൃതിദത്ത അണുനാശിനിയാണ്. ചിതലുകളെ തുരത്താനും ഇത് ഫലപ്രദമാണ്. അര കപ്പ് വിനാഗിരിയും രണ്ട് ചെരുനാരങ്ങയുടെ നീരും ചേർത്ത് യോജിപ്പിച്ച് ഒരു സ്പ്രേ ബോട്ടിലിലേക്ക് മാറ്റുക. ചിതലുകൾ ഉള്ളിടങ്ങളിൽ ഇത് സ്പ്രേ ചെയ്യുക. നാരങ്ങയ്ക്ക് പകരം വെള്ളം ചേർത്തും ഈ മിശ്രിതം തയ്യാറാക്കാം. ചിതലുകളെ വേഗത്തിൽ ഓടിക്കാൻ ഇത് സഹായിക്കും.