Entertainment

സിനിമ നല്ലതാണെങ്കിലും മോശമാണെങ്കിലും തീയറ്ററില്‍ പോയി കാണണം; സംവിധായകന്‍ ദേവദത്ത് ഷാജി

ഭീഷ്മപര്‍വം എന്ന മെഗാഹിറ്റ് ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ സംവിധായകനാണ് ദേവദത്ത് ഷാജി. ദേവദത്ത് ഷാജി സംവിധാനം ചെയ്യുന്ന പുതിയ സിനിമ ധീരന്‍ ജൂലൈ 4 ന് പുറത്തിറങ്ങും. ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായ ‘ജാന്‍.എ.മന്‍’, ‘ജയ ജയ ജയ ജയ ഹേ’, ‘ഫാലിമി’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ചീയേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഇപ്പോഴിതാ ഒരു കളങ്കവുമില്ലാതെ ആത്മാര്‍ത്ഥമായി ജീവിതത്തില്‍ ചെയ്തിട്ടുള്ള ഒരേയൊരു കാര്യം സിനിമയാണെന്ന് പറയുകയാണ് ദേവദത്ത് ഷാജി. സിനിമ റിലീസ് ചെയ്യാന്‍ രണ്ടു ദിവസം മാത്രം ബാക്കി നില്‍ക്കേ സംവിധായകന്‍ എഴുതിയ ഫേസ്ബുക്കുറിപ്പ് ശ്രദ്ധ നേടുകയാണ്.

കുറിപ്പിന്റെ പൂര്‍ണരൂപം….

‘പന്ത്രണ്ട് വര്‍ഷങ്ങളാണ് സ്‌ക്രീനിലെന്ന പോലെ മുന്നില്‍ തെളിയുന്നത്. 2013-ല്‍ ആദ്യത്തെ ഷോര്‍ട്ട് ഫിലിം ചെയ്യുമ്പോള്‍ ആഗ്രഹിച്ചത് എന്തായിരുന്നോ, അത് റിയാലിറ്റിയാവാന്‍ ഇനി മണിക്കൂറുകളേ ഉള്ളൂ. ഒരു കളങ്കവുമില്ലാതെ ആത്മാര്‍ത്ഥമായി ജീവിതത്തില്‍ ചെയ്തിട്ടുള്ള ഒരേയൊരു കാര്യം സിനിമയാണ്. ക്രിഞ്ചെന്നോ, ക്ലീഷെയെന്നോ വിളിക്കാവുന്ന ഈ പോസ്റ്റിടുന്നത് പോലും ഇത്രയും കാലമെടുത്ത എഫര്‍ട്ട് ആളുകളിലേക്ക് എത്താന്‍ മാത്രമാണ്. ‘ധീരനില്‍’ മാര്‍ക്കറ്റ് വാല്യൂ ഉള്ള താരങ്ങളില്ല എന്ന അഭിപ്രായം നാലു ദിക്കില്‍ നിന്നും കേള്‍ക്കാറുണ്ട്.

അപ്പോഴെല്ലാം എന്റെയും, ചിയേഴ്സ് എന്റര്‍ടൈന്‍മെന്റ്‌സിന്റെയും കോണ്‍ഫിഡന്‍സ് ഒരേയൊരു കാര്യത്തിലായിരുന്നു. പല തലമുറകളുടെ നായകന്മാര്‍ മനോജ് കെ ജയന്‍, വിനീത്, ജഗദീഷ്, അശോകന്‍, സുധീഷ് ഇവരുടെ റീ യൂണിയന്‍ കാണാന്‍ പ്രേക്ഷകരുണ്ടാവും എന്ന വിശ്വാസം. രാജേഷ് മാധവനും ശബരീഷ് വര്‍മ്മയും സിദ്ധാര്‍ഥ് ഭരതനും, അഭിറാമും, അരുണ്‍ ചെറുകാവിലും അശ്വതിയുമെല്ലാം ഇവരുടെയൊപ്പം മത്സരിച്ച് അഭിനയിച്ചപ്പോള്‍, മുന്നേ പറഞ്ഞ റിയാലിറ്റിയ്ക്കിപ്പോള്‍ ഇരട്ടി മധുരമാണ്…!

‘ധീരന്‍’ ഞങ്ങളുടെ പരിശ്രമമാണ്, സന്തോഷമാണ്, സ്വപ്നമാണ്, വിയര്‍പ്പാണ്. നല്ലതെങ്കില്‍ നല്ലതെന്നും, മോശമെങ്കില്‍ മോശമെന്നും പറയണം. പക്ഷെ ഇത് രണ്ടിനാണെങ്കിലും തിയറ്ററില്‍ വന്ന് പടം കാണണമെന്ന് സ്‌നേഹത്തോടെ അഭ്യര്‍ത്ഥിക്കുന്നു. ജൂലൈ നാലിന് ധീരനെത്തും.’