വാഹനപ്രേമികൾക്കായിതാ ഒരു സന്തോഷവാർത്ത ഇന്ത്യന്‍ വിപണിയിൽ ഈ മാസം നാലു കാറുകളാണ് പുറത്തിറങ്ങുന്നത്. അതില്‍ രണ്ട് പുതിയ ഇലക്ട്രിക് എംപിവികളും ഒരു എന്‍ട്രി ലെവല്‍ ബിഎംഡബ്ല്യു സെഡാനുമുണ്ട്.
ഏറെക്കാലമായി കാത്തിരിക്കുന്ന ടാറ്റ ഹാരിയര്‍ ഇവിയും മെഴ്‌സിഡീസ് എഎംജി ജിടിയും അടക്കമുള്ള മൂന്നു മോഡലുകളാണ് ജൂലൈയില്‍ പുതുതായി എത്തുന്നത്. ഒപ്പം മുഖം മിനുക്കിയെത്തുന്ന ഒരു മഹീന്ദ്ര മോഡലുമുണ്ട്.
കിയ കാരന്‍സ് ക്ലാവിസ് ഇവി
മെയ് മാസത്തില്‍ ഇന്ത്യയിലെത്തിയ കാരന്‍സ് ക്ലാവിസ് ഉണ്ടാക്കിയ ഓളങ്ങള്‍ അടങ്ങും മുന്‍പാണ് കാരന്‍സ് ക്ലാവിസിന്റെ ഇവി കിയ പുറത്തിറക്കുന്നത്. ജൂലൈ 15നാണ് കാരന്‍സ് ക്ലാവിസ് ഇവി ഇന്ത്യയിലെത്തുക. ഡിസൈനിലും ഇന്റീരിയറിലുമെല്ലാം പെട്രോള്‍, ഡീസല്‍ കാരന്‍സിനോട് ചേര്‍ന്നു നില്‍ക്കുന്ന മോഡലായിരിക്കും കാരന്‍സ് ക്ലാവിസ് ഇവി. ഫ്രണ്ട് ആക്‌സില്‍ മൗണ്ടഡ് ഇലക്ട്രിക്ക് മോട്ടോറും 42 കിലോവാട്ട്, 51.4കിലോവാട്ട് ബാറ്ററി പാക്ക് ഓപ്ഷനുകളും. ഇന്ത്യന്‍ വിപണിയിലെത്തുന്ന രണ്ടാമത്തെ മാത്രം ഇലക്ട്രിക് എംപിവിയാണ് കാരന്‍സ് ക്ലാവിസ്. ബിവൈഡി ഇമാക്‌സ്7(വില 26.90 ലക്ഷം മുതല്‍ 29.90ലക്ഷം വരെ) ആണ് എതിരാളി. വിലയും മറ്റു വിശദാംശങ്ങളും കിയ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
ബിഎംഡബ്ല്യു 2 സീരീസ് ഗ്രാന്‍ കൂപെ
2024 ഒക്ടോബറില്‍ രാജ്യാന്തര വിപണിയില്‍ അവതരിപ്പിച്ച മോഡലാണ് ബിഎംഡബ്ല്യു 2 സീരീസ് ഗ്രാന്‍ കൂപെ. ഡിസൈനില്‍ മാറ്റങ്ങളോടെയാണ് പുതിയ 2 സീരീസിന്റെ വരവ്. മുന്‍ ഭാഗം കൂടുതല്‍ ഷാര്‍പ്പാക്കിയിട്ടുണ്ട്. വീല്‍ ആര്‍ക്കുകള്‍ അല്‍പം പുറത്തേക്ക് തള്ളി നില്‍ക്കുന്നു. പുതിയ ടെയില്‍ ലൈറ്റ് ക്ലസ്റ്ററും ലുക്കിലെ ഫ്രഷ്‌നെസ് വര്‍ധിപ്പിക്കുന്നു. ജൂലൈ പകുതിയോടെ വില്‍പനക്കെത്തുമെന്ന് പ്രതീക്ഷിക്കാം. ഉള്ളില്‍ കര്‍വ്ഡ് ഡിസ്‌പ്ലേയും ബിഎംഡബ്ല്യുവിന്റെ പുതിയ സോഫ്റ്റ്‌വെയറുമാണ് പുതുമകള്‍. ഔദ്യോഗികമായി പുറത്തുവിട്ടില്ലെങ്കിലും 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ പ്രതീക്ഷിക്കാം. പ്രതീക്ഷിക്കുന്ന വില 45-47 ലക്ഷം രൂപ(എക്‌സ് ഷോറൂം).
എംജി എം9
എംപിവി വിഭാഗത്തിലെ പ്രീമിയം മോഡലായാണ് എംജി എ9 ഇലക്ട്രിക്കിനെ അവതരിപ്പിക്കുന്നത്. ഭാരത് മൊബിലിറ്റി ഷോയില്‍ എംജി എം9 പ്രദര്‍ശിപ്പിച്ചിരുന്നു. കിയ കാര്‍ണിവെലിന്റെ എതിരാളിയായാണ് എംജി എം9ന്റെ വരവ്. പ്രതീക്ഷിക്കുന്ന വില 65 ലക്ഷം മുതല്‍ 70 ലക്ഷം രൂപ(എക്‌സ് ഷോറൂം) വരെ. രണ്ടാം നിരയിലെ ക്യാപ്റ്റന്‍ സീറ്റുകളില്‍ ഹീറ്റിങ് വെന്റിലേഷന്‍ പവര്‍ അഡ്ജസ്റ്റ്‌മെന്റ് സൗകര്യങ്ങള്‍ക്കൊപ്പം മസാജ് ഫങ്ഷനുമുണ്ട്. ജെബിഎല്‍ സൗണ്ട് സിസ്റ്റം, 64 കളര്‍ ആംബിയന്റ് ലൈറ്റിങ്, പനോരമിക് സണ്‍റൂഫ്, ലെവല്‍ 2 അഡാസ് സുരക്ഷാ ഫീച്ചറുകള്‍, 12.23ഇഞ്ച് ഇന്‍ഫോടെയിന്‍മെന്റ് സ്‌ക്രീന്‍ എന്നിവയാണ് മറ്റു പ്രധാന ഫീച്ചറുകള്‍. 90കിലോവാട്ടിന്റെ ബാറ്ററി 245എച്ച്പി കരുത്തും 350എന്‍എം ടോര്‍ക്കും പുറത്തെടുക്കും. എംജി വാഗ്ദാനം ചെയ്യുന്ന റേഞ്ച് 548കിലോമീറ്ററാണ്. ജൂലൈ അവസാനത്തോടെ വില്‍പനക്കെത്തും.
മഹീന്ദ്ര എക്‌സ്‌യുവി 3എക്‌സ്ഒ
ഈ മാസം മുഖം മിനുക്കിയെത്തുന്ന മഹീന്ദ്രയുടെ വാഹനമാണ് എക്‌സ്‌യുവി 3എക്‌സ്ഒ. നേരത്തെ തന്നെ മഹീന്ദ്ര ഈ വാഹനത്തിന്റെ ടീസര്‍ പുറത്തുവിട്ടിരുന്നു. എന്നാല്‍ വിശദാംശങ്ങള്‍ കാര്യമായി പുറത്തുവന്നിട്ടില്ല. ഫീച്ചറുകളില്‍ മാറ്റം പ്രതീക്ഷിക്കാം. എന്നാല്‍ എന്‍ജിന്‍ അടക്കമുള്ള പ്രധാന ഭാഗങ്ങളിലും ഡിസൈനിലും കാര്യമായ മാറ്റങ്ങളുണ്ടാവില്ല. ജൂലൈ തുടക്കത്തില്‍ തന്നെ മഹീന്ദ്ര എക്‌സ്‌യുവി 3എക്‌സ്ഒയുടെ ഫേസ്‌ലിഫ്റ്റഡ് മോഡലിനെ അവതരിപ്പിക്കുമെന്നാണ് കരുതപ്പെടുന്നത്.