അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനാപകടത്തിന് കാരണം രണ്ട് എഞ്ചിനും ഒരേ സമയം പ്രവര്‍ത്തന രഹിതമായെന്ന് പ്രാഥമിക നിഗമനം. എന്‍ജിന്‍ തകരാറാണ് അപകടകാരണമെന്നാണ് പ്രാഥമികാന്വേഷണത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്ന നിഗമനമെന്ന് എഎഐബി അന്വേഷണ സംഘത്തെ ഉദ്ധരിച്ച് ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു.
എയര്‍ ഇന്ത്യ വിമാനത്തിന്റെ അപകടസാഹചര്യം കൃത്രിമമായി പുനഃസൃഷ്ടിച്ച് അന്വേഷണസംഘം പഠനം നടത്തിയിരുന്നു. വിമാനം നിയന്ത്രിക്കുന്നതിലുണ്ടായ പിഴവല്ല അപകടത്തിനിടയാക്കിയതെന്നാണ് നിഗമനം. ലാൻഡിങ് ഗിയറിന്‍റെയും വിങ് ഫ്ലാപ്പുകളുടെയും പ്രവർത്തനങ്ങളും വിലയിരുത്തി. ഇവയല്ല അപകടത്തിലേക്ക് നയിച്ചതെന്നാണ് കണ്ടെത്തൽ. വൈദ്യുത തകരാര്‍, ഇന്ധനത്തിലെ മായം, എഞ്ചിന്‍ നിയന്ത്രണ സംവിധാനത്തിലുണ്ടായ അപാകത എന്നിവയും പരിശോധിച്ചു.
ജൂൺ 12 ന് അഹമ്മദാബാദിൽ തകർന്നുവീണ ബോയിംഗ് 787 വിമാനത്തിന് കരുത്ത് പകരുന്നത് ജനറൽ ഇലക്ട്രിക് കമ്പനി നിർമ്മിച്ച രണ്ട് എഞ്ചിനുകളാണ്. പറന്നുയർന്നതിന് ശേഷം വിമാനം ഉയരാൻ പാടുപെടുന്നതും പിന്നീട് നിലത്തേക്ക് തിരികെ ഇറങ്ങാൻ ശ്രമിക്കുന്നതും അവിടെ വെച്ച് പൊട്ടിത്തെറിക്കുന്നതും വിമാനത്തിന്റെ വീഡിയോ ദൃശ്യങ്ങളിൽ കാണാം.
ലാൻഡിംഗ് ഗിയർ വാതിലുകൾ തുറന്നിരുന്നില്ല, അതായത് വിമാനത്തിന് വൈദ്യുതി നഷ്ടപ്പെട്ടതായോ ഹൈഡ്രോളിക് തകരാർ സംഭവിച്ചതായോ പൈലറ്റുമാർ പറയുന്നു – വിമാനത്തിന് വൈദ്യുതി നൽകുന്ന എഞ്ചിനുകളിലെ സാധ്യമായ പ്രശ്‌നങ്ങളിലേക്ക് ഇത് വീണ്ടും വിരൽ ചൂണ്ടുന്നു.