പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഘാനയുടെ പരമോന്നത ദേശീയ ബഹുമതിയായ ‘ഓഫീസർ ഓഫ് ദി ഓർഡർ ഓഫ് ദി സ്റ്റാർ ഓഫ് ഘാന’ സമ്മാനിച്ചു. വിശിഷ്ട രാഷ്ട്രതന്ത്രജ്ഞതയ്ക്കും സ്വാധീനമുള്ള ആഗോള നേതൃത്വത്തിനും ഉള്ള അംഗീകാരമായാണ് ഈ ബഹുമതി. ജൂലൈ 2ന് ഘാന പ്രസിഡന്റ് ജോൺ ഡ്രമാനി മഹാമയിൽ നിന്നാണ് മോദി പുരസ്കാരം ഏറ്റുവാങ്ങിയത്.
ഓഫീസർ ഓഫ് ദി ഓർഡർ ഓഫ് ദി സ്റ്റാർ ഓഫ് ഘാന ലഭിച്ചതിൽ താൻ അഭിമാനിക്കുന്നു എന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. ഈ അവാർഡ് തനിക്ക് വലിയ അഭിമാനവും ബഹുമതിയുമാണെന്നും മോദി പറഞ്ഞു.
140 കോടി ഇന്ത്യക്കാരുടെ പേരിൽ താൻ വിനയപൂർവ്വം ഈ അവാർഡ് സ്വീകരിക്കുന്നതായും, ഇരു രാജ്യങ്ങളിലെയും യുവാക്കളുടെ അഭിലാഷങ്ങൾക്കും ശോഭനമായ ഭാവിക്കും, ഇന്ത്യയും ഘാനയും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങൾക്കും, അവരുടെ സമ്പന്നമായ സാംസ്കാരിക പാരമ്പര്യങ്ങൾക്കും വൈവിധ്യത്തിനും ഇത് സമർപ്പിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ ബഹുമതി ശക്തമായ ഇന്ത്യ-ഘാന സൗഹൃദത്തിനായി തുടർന്നും പ്രവർത്തിക്കാനുള്ള ഒരു ഉത്തരവാദിത്തം കൂടിയാണെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.
ഇന്ത്യ എപ്പോഴും ഘാനയിലെ ജനങ്ങളോടൊപ്പം നിൽക്കുകയും വിശ്വസ്ത സുഹൃത്തും വികസന പങ്കാളിയുമായി സംഭാവന നൽകുന്നത് തുടരുകയും ചെയ്യും. ഇരു രാജ്യങ്ങളുടെയും പൊതുവായ ജനാധിപത്യ മൂല്യങ്ങളും പാരമ്പര്യങ്ങളും പങ്കാളിത്തം പരിപോഷിപ്പിക്കുന്നത് തുടരുമെന്ന് ഘാനയിലെ ജനങ്ങൾക്കും സർക്കാരിനും നന്ദി പറഞ്ഞുകൊണ്ട് മോദി പ്രസ്താവിച്ചു.
ഇരു രാജ്യങ്ങൾക്കുമിടയിലുള്ള സൗഹൃദം കൂടുതൽ ആഴത്തിലാക്കാനും ഉഭയകക്ഷി ബന്ധങ്ങൾ മുന്നോട്ട് കൊണ്ടുപോകാനും ഈ അവാർഡ് ഒരു പുതിയ ഉത്തരവാദിത്തം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ഘാനയിലേക്കുള്ള തന്റെ ചരിത്രപരമായ സന്ദർശനം ഇന്ത്യ-ഘാന ബന്ധങ്ങൾക്ക് പുതിയൊരു ഊർജ്ജം നൽകുമെന്ന് മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇത് ഇന്ത്യ-ഘാന ബന്ധത്തിന്റെ ആഴമേറിയതും ദീർഘകാലവുമായ തെളിവാണ് എന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ എക്സിൽ കുറിച്ചു.