മാലിയിൽ മൂന്ന് ഇന്ത്യക്കാരെ ഭീകരർ കൊണ്ടുപോയതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. നിരോധിത ഭീകര സംഘടനയായ അൽ-ഖ്വയ്ദയുമായി ബന്ധമുള്ള ഭീകരർ ആണ് കൊണ്ടുപോയത്. സംഭവത്തില്‍ അതീവ ആശങ്ക രേഖപ്പെടുത്തി ഇന്ത്യ.
മാലിയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന ഭീകരാക്രമണങ്ങള്‍ക്കിടെയാണ് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയത്. സുരക്ഷിതമായ മോചനം വേഗത്തില്‍ ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം മാലി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കായസിലെ ഡയമണ്ട് സിമന്റ് ഫാക്ടറിയില്‍ ജോലി ചെയ്തിരുന്ന ഇന്ത്യക്കാരെയാണ് തട്ടിക്കൊണ്ടുപോയത്. ജൂലൈ ഒന്നിന് സായുധരായ ഒരു സംഘം ഫാക്ടറി വളപ്പില്‍ ആക്രമണം നടത്തിയാണ് മൂന്ന് ഇന്ത്യന്‍ പൗരന്മാരെ ബന്ദികളാക്കിയതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ബമാകോയിലെ ഇന്ത്യന്‍ എംബസി ബന്ധപ്പെട്ട അധികൃതരുമായും പൊലീസുമായും ഡയമണ്ട് സിമന്റ് ഫാക്ടറി മാനേജ്‌മെന്റുമായും നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. തട്ടിക്കൊണ്ടുപോയ ഇന്ത്യന്‍ പൗരന്മാരുടെ കുടുംബാംഗങ്ങളുമായി എംബസി ബന്ധപ്പെടുന്നുണ്ട്.
‘കേന്ദ്ര സര്‍ക്കാര്‍ ഈ നിന്ദ്യമായ അക്രമത്തെ നിരുപാധികം അപലപിക്കുന്നു. തട്ടിക്കൊണ്ടുപോയ ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷിതവും വേഗത്തിലുള്ളതുമായ മോചനം ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ മാലി റിപ്പബ്ലിക് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു’ – വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
നിലവില്‍ മാലിയില്‍ താമസിക്കുന്ന എല്ലാ ഇന്ത്യക്കാരോടും അതീവ ജാഗ്രത പാലിക്കാനും ജാഗരൂകരായിരിക്കാനും ആവശ്യമായ സഹായത്തിന് ബാമകോയിലെ എംബസിയുമായി നിരന്തര സമ്പര്‍ക്കത്തില്‍ തുടരാനും വിദേശകാര്യ മന്ത്രാലയം നിര്‍ദേശിച്ചു. തട്ടിക്കൊണ്ടുപോയ ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷിതമായ തിരിച്ചുവരവ് എത്രയും വേഗം ഉറപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.