മാരാരിക്കുളത്ത് മകളെ അച്ഛന്‍ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ കുടുംബാംഗങ്ങളെയും പ്രതി ചേർത്തേക്കും. കൊലപാതക വിവരം മറച്ചുവെച്ചു എന്നതാകും കുടുംബാംഗങ്ങൾക്കെതിരെയുള്ള കുറ്റം.
വീട്ടുകാർക്ക് മുന്നിൽ വെച്ചാണ് പ്രതി ജോസ്‌മോൻ മകൾ ജാസ്മിനെ കഴുത്ത് ഞെരിച്ചതെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നീക്കം.
ചൊവ്വാഴ്ച രാത്രിയാണ് വീട്ടിൽ വെച്ചുണ്ടായ തർക്കത്തിനിടെ ജാസ്മിനെ പിതാവ് തോർത്തുപയോഗിച്ച് കഴുത്ത് ഞെരിച്ചത്. സംഭവം നടക്കുന്ന സമയത്ത് ഒപ്പമുണ്ടായിരുന്നതായി മാതാവ് മൊഴി നൽകി. കഴുത്തിലെ രക്തക്കുഴലുകൾ പൊട്ടിയാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
ബുധനാഴ്ച രാവിലെയാണ് മകൾ മരിച്ചതായി ജോസ്‌മോനും ഭാര്യയും അയൽവാസികളെ വിവരം അറിയിക്കുന്നത്. സംഭവമറിഞ്ഞെത്തിയ പഞ്ചായത്തംഗം പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.