സംസ്ഥാന സര്‍ക്കാരിനെയോ ആരോഗ്യവകുപ്പിനെയോ കുറ്റപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതായിരുന്നില്ല തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് യൂറോളജി വിഭാഗം തലവന്‍ ഡോ. ഹാരിസ് ചിറയ്ക്കല്‍.മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും സി.പി.എമ്മും എന്നും തന്റെ ഒപ്പം നിന്നവരാണ്.അവർക്കെതിരെ തന്റെ ഫേസ്ബുക് പോസ്റ്റ് ഉപയോഗിക്കുന്നത് കണ്ടപ്പോൾ വിഷമം തോന്നിയെന്നും അദ്ദേഹം പറഞ്ഞു.നടപടി മുന്നിൽ കണ്ട് യൂറോളജി വകുപ്പിന്റെ ചുമതലയും രേഖകളും ജൂനിയർ ഡോക്ടർക്ക് കൈമാറിയതായി അറിയിച്ച ഹാരിസ് പെട്ടെന്ന് നടപടി വന്നാൽ വകുപ്പിന്റെ പ്രവർത്തനം തടസപ്പെടാതിരിക്കാനാണ് രേഖകളടക്കം കൈമാറിയതെന്ന് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. നടപടിയെ ഭയക്കുന്നില്ല. എന്ത് ശിക്ഷയും ഏറ്റുവാങ്ങാൻ തയ്യാറാണ്. തന്റെ മാർഗം തെറ്റായിരുന്നുവെന്ന് എനിക്ക് ബോധ്യമുണ്ട്. പക്ഷേ അതിന് ഫലം ഉണ്ടായി. ശസ്ത്രക്രിയ കഴിഞ്ഞ് രോഗികൾ മടങ്ങുന്നു. അവരുടെ പുഞ്ചിരിയിൽ എല്ലാമുണ്ട്. എന്ത് നടപടി വന്നാലും സ്വീകരിക്കും. ഒരു ജോലി അല്ലെങ്കിൽ വേറെ ഒരു ജോലി ലഭിക്കും.
സത്യം തുറന്നു പറഞ്ഞതിന് പഠനകാലം മുതൽ തിക്താനുഭവങ്ങൾ നേരിട്ടിട്ടുണ്ട്. അത്യാവശ്യമായി പരിഹരിക്കേണ്ട കാര്യങ്ങൾ എഴുതി നൽകി. താൻ സർവീസിൽ ഇല്ലെങ്കിലും ഇത് നടപ്പാക്കണമെന്ന് പറഞ്ഞു. രോഗികൾ തന്നെ കണ്ടു പുഞ്ചിരിച്ച് നന്ദി അറിയിച്ചാണ് പോയത്. ആ പുഞ്ചിരിയാണ് എനിക്കുള്ള സമ്മാനമെന്നും അദ്ദേഹം കൂട്ടിചേർത്തു