ആനകളുടെ ഒത്തുചേരലിന് സാക്ഷ്യം വഹിക്കാൻ സഞ്ചാരികളെ സ്വാഗതം ചെയ്ത് ശ്രീലങ്ക. എല്ലാ വർഷവും നടക്കുന്ന ‘ദ ഗാതറിങ് ഓഫ് ജയന്റ്സ്’ 25 മുതൽ 27 വരെ സിനമൺ ഹബരാന കോംപ്ലക്സിൽ നടത്താൻ തീരുമാനിച്ചിരിക്കുന്നു.
ആനകളുടെ ഒത്തുചേരലാണ് ‘ദ ഗാതറിങ് ഓഫ് ജയന്റ്സ്’ എന്ന പേരിലറിയപ്പെടുന്നത്. സിനമൺ ഹോട്ടൽസ് ആൻഡ് റിസോർട്ട്സിന്റെ വന്യജീവി, സാഹസിക ടൂറിസം വിഭാഗമായ സിനമൺ നേചർ ട്രെയിൽസും സെയ്ലൻ ബാങ്കിന്റെ സഹകരണത്തോടെയുമാണ് പരിപാടി നടക്കുക.
വന്യജീവികളെ ഇഷ്ടപ്പെടുന്നവർ, ഇവിടേക്കെത്തുന്ന വിവിധ കുടുംബങ്ങൾ, ഇന്ത്യയിൽ നിന്നടക്കം എത്തുന്ന സഞ്ചാരികൾ എന്നിവരെയെല്ലാം ഒരുമിച്ചു കൊണ്ടുവന്ന് ഈ ഒത്തുചേരലിൽ പങ്കാളികളാക്കുകയാണ് ഈ പരിപാടിയിലൂടെ. മിന്നേരിയ, കൗഡുള്ള എന്നീ ദേശീയോദ്യാനങ്ങളിൽ നൂറുകണക്കിന് ആനകളാണ് ഈ സമയം ഒത്തുകൂടുന്നത്. ആനകളെ സഞ്ചാരികൾക്ക് അടുത്തു കാണാനും സാധിക്കും. ആഗോള തലത്തിൽ ലോകത്തെ ഏറ്റവും മികച്ച വന്യജീവി കാഴ്ചയായി ലോൺലി പ്ലാനറ്റ് അംഗീകരിച്ച ഒന്നാണ് ‘ദ ഗാതറിങ് ഓഫ് ജയന്റ്സ്’. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഈ പരിപാടിയിൽ വിവിധ പ്രഭാഷണങ്ങൾ, വർക് ഷോപ്പുകൾ എന്നിവ ഉണ്ടാകും.