ലിവർപൂളിന്റെ പോർച്ചുഗൽ മുന്നേറ്റനിര താരം ഡിയാഗോ ജോട്ട(28) കാർ അപകടത്തിൽ മരിച്ചു. വിവാഹം കഴിഞ്ഞ് രണ്ടാഴ്ച മാത്രം പിന്നിടുമ്പോഴാണ് വാഹനാപകടത്തിൽ ഡിയാഗോ ജോട്ടയ്ക്ക് ജീവൻ നഷ്ടമായി എന്ന ഞെട്ടിക്കുന്ന വാർത്ത എത്തുന്നത്. കാറിൽ ജോട്ടയ്ക്കൊപ്പം ഉണ്ടായിരുന്ന സഹോദരൻ ആന്ദ്രേയും അപകടത്തിൽ മരിച്ചു.
സ്പെയ്നിലെ സമോറയ്ക്ക് സമീപം എ-52 പ്രവിശ്യയിലാണ് വാഹനാപകടം ഉണ്ടായത്. പോർച്ചുഗലിന്റെ വടക്കൻ ഭാഗത്തേക്ക് പോകാനുള്ള വഴിയാണ് ഇത്. അപകടത്തിൽപ്പെട്ടതിന് പിന്നാലെ കാർ പൂർണമായും കത്തി നശിച്ചു.
കുട്ടിക്കാലം മുതലുള്ള തന്റെ കൂട്ടുകാരി റുതെ കാർഡോസോയെയാണ് രണ്ടാഴ്ച മുൻപ് ഡിയാഗോ ജോട്ട വിവാഹം കഴിച്ചത്. ഇരുവർക്കും മൂന്ന് കുട്ടികളുണ്ട്. ലോകത്തിലെ ഏറ്റവും സന്തോഷവാനായ മനുഷ്യൻ ഞാനാണ് എന്ന് ഡിയാഗോ ജോട്ട വിവാഹത്തിന് ശേഷം പറയുന്ന വിഡിയോ ഇന്നലെയാണ് പുറത്തു വന്നത്. അതിന് പിന്നാലെ താരത്തിന്റെ ഈ അപ്രതീക്ഷിത വിയോഗം ഫുട്ബോൾ ആരാധകർക്ക് വിശ്വസിക്കാനാവുന്നില്ല.
















