ജീവിതത്തിലെ തിരക്കുകകളിൽ നിന്നും ഇടവേളയെടുത്ത് മനസിന് കുളിർമ്മയും ശാന്തിയും ലഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് പോകാൻ പറ്റിയ ഇടമാണ് ബീച്ചുകൾ. ഇവിടെ പോയാൽ സമാധാനമായി വൈകുന്നേരങ്ങൾ ചെലവഴിക്കാൻ സാധിക്കും. ആലപ്പുഴയുടെ സൗന്ദര്യം ആസ്വദിക്കണമെങ്കിൽ ഈ പറയുന്ന ബീച്ചുകളിൽ തന്നെ പോണം.
ആലപ്പുഴ ജില്ലയിൽ സ്ഥിതി ചെയ്യുന്ന മാരാരിയും ഇവിടുത്തെ കടൽത്തീരങ്ങളും അടിപൊളിയാണ്. അധികം തിരക്കില്ലാത്ത കടൽത്തീരം. നഗരത്തിൽ നിന്നും ബീച്ചിലേക്ക് അധിക ദൂരമില്ല. മത്സ്യത്തൊഴിലാളികൾ അവരുടെ ദൈനംദിന ജോലികളിൽ ഏർപ്പെട്ടിരിക്കുന്നതും മീൻ പിടിച്ചു കൊണ്ടുവരുന്നതുമെല്ലാം ഇവിടെയിരുന്നാൽ കാണാം. തീരത്തെ നനുത്ത മണൽത്തരികളിലൂടെ എത്ര നടന്നാലും മതിവരില്ല . ബീച്ച് യോഗ, ധ്യാനം എന്നിവയ്ക്ക് കൂടി പറ്റിയ ഇടമാണ് മാരാരി ബീച്ച്. നീന്തൽ, സൺ ബാത്തിങ്, ആയുർവേദിക് മസാജിങ് എന്നിവയെല്ലാം മാരാരി ബീച്ചിൽ ആസ്വദിക്കാവുന്നതാണ്. ആലപ്പുഴ–എറണാകുളം ദേശീയപാതയിൽ കളിത്തട്ട് ജംക്ഷനിൽനിന്ന് ഇടത്തോട്ട് 3 കിലോമീറ്റർ വന്നാൽ മരാരി ബീച്ചിൽ എത്താം.
മാരാരി ബീച്ച് മാത്രമല്ല, കായലുകൾ, തോടുകൾ, മനോഹരമായ കടൽത്തീരങ്ങൾ, നദികൾ… അങ്ങനെ എല്ലാമായി ചുറ്റിപ്പിണഞ്ഞു കിടക്കുന്ന കേരളത്തിലെ ഏറ്റവും ചെറിയ ജില്ലയാണ് ആലപ്പുഴ. ജില്ലയിലെ ഏറ്റവും പ്രശസ്തമായത് ആലപ്പുഴ ബീച്ചാണ്. 137 വർഷം പഴക്കമുള്ള ഒരു കടൽപാലവും ഒരു ലൈറ്റ് ഹൗസും ഇവിടെയുണ്ട്. ബീച്ചിലെത്തുന്നവർക്ക് ഉല്ലസിക്കാൻ നൈറ്റ് ലൈഫും. ബീച്ചിന്റെ തെക്കു വശത്തെ കാറ്റാടി മരങ്ങൾക്കിടയിലാണ് ഫുഡ് പാർക്ക് ഉൾപ്പടെയുള്ള സൗകര്യങ്ങൾ. കുട്ടികൾക്കായി കളിസ്ഥലമുൾപ്പടെ ഇവിടെയുണ്ട്. ആലപ്പുഴ ടൗണിനോടു ചേർന്നു സ്ഥിതി ചെയ്യുന്ന ആലപ്പുഴ ബീച്ച്, ജില്ലയിലെത്തുന്ന സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്. തകഴിയിൽ നിന്നു തിരിച്ച് അമ്പലപ്പുഴ ജംക്ഷനിലെത്തി, അവിടെ നിന്നു ദേശീയപാതയിലേക്കു കയറി എറണാകുളം ഭാഗത്തേക്കു വരുമ്പോൾ ആലപ്പുഴ ജനറൽ ആശുപത്രി ജംക്ഷനിൽ നിന്ന് ഇടത്തേക്ക് 3 കിലോമീറ്റർ സഞ്ചരിച്ചാൽ ബീച്ചിലെത്തും. ആലപ്പുഴ ബൈപാസിനു താഴെയുള്ള റോഡ് വഴിയും ബീച്ചിലേക്ക് വരാം.
അധികം തിരക്കുകളില്ലാത്ത ആലപ്പുഴയിലെ മറ്റൊരു ബീച്ചാണ് തോട്ടപ്പള്ളി. വൈകുന്നേരങ്ങളിലെ നടത്തത്തിനും സമാധാനപരമായി ഇരിക്കാനും പറ്റിയ ഇടമാണ്. ഇവിടെ നിന്നുള്ള സൂര്യാസ്തമയം ഏറെ ആകർഷണീയമാണ്. വേമ്പനാട്ടുകായലിലെയും പമ്പ, അച്ചൻകോവിലാറ്റിലെയും വെള്ളം ലീഡിങ് ചാനൽ വഴി വന്ന് സ്പിൽവേ കനാൽ വഴി തോട്ടപ്പള്ളി പൊഴിയിലൂടെ അറബിക്കടലിലേക്കു പതിക്കുന്ന ഭാഗമാണ് തോട്ടപ്പള്ളി ബീച്ച്. അമ്പലപ്പുഴ ബസ്സ്റ്റാൻഡിൽ നിന്നും ഏഴ് കിലോമീറ്റർ അകലെയാണ് ബീച്ച് സ്ഥിതി ചെയ്യുന്നത്.
ദ ലഗൂൺ ഓഫ് ഡാർക്നെസ് അഥവാ ഇരുട്ടിന്റെ ലഗൂൺ എന്നാണ് അന്ധകാരനാഴി ബീച്ച് അറിയപ്പെടുന്നത്. ആലപ്പുഴയിൽ നിന്ന് 30 കിലോമീറ്റർ അകലെയാണ് അന്ധകാരനാഴി ബീച്ച്. കായലിന്റെയും കടലിന്റെയും സംഗമ സ്ഥാനമാണ് അന്ധകാരനാഴി, ഇത് ആഴി എന്നും അറിയപ്പെടുന്നു. ആലപ്പുഴയിലെ പട്ടണക്കാട് ഗ്രാമത്തിലാണ് അന്ധകാരനാഴി. ശാന്തമായ അന്തരീക്ഷവും അതിമനോഹരമായ പ്രകൃതിദൃശ്യങ്ങളുമാണ് അന്ധകാരനാഴി ബീച്ചിനെ ആകർഷകമാക്കുന്നത്. വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടം കൂടിയാണ് ഇത്. ഏകദേശം 30 വർഷം പഴക്കമുള്ള ഒരു വിളക്കുമാടം ഇവിടുത്തെ പ്രത്യേകതയാണ്. നിരവധി മലയാള സിനിമകളും ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. ശാന്തമായ വെള്ളത്തിനും സൂര്യാസ്തമയത്തിനും പ്രശസ്തമാണ് ഈ കടൽത്തീരം.
ആലപ്പുഴ നഗരത്തിൽ നിന്നും ഏകദേശം അഞ്ച് കിലോമീറ്റർ ദൂരെയാണ് പുന്നപ്ര ബീച്ച്. തിരക്ക് കുറവായതിനാൽ സമാധാനപരമായ അന്തരീക്ഷം ആഗ്രഹിക്കുന്നവർക്ക് പറ്റിയ ഇടമാണ് ഈ കടൽത്തീരം. പ്രകൃതി സൗന്ദര്യം ആസ്വദിച്ച് ബീച്ചിലൂടെ നടക്കാൻ ആഗ്രഹിക്കുന്നവർക്ക് ധൈര്യമായി പുന്നപ്ര ബീച്ചിലേക്ക് പോകാം. വിനോദസഞ്ചാരികളുടെ തിരക്ക് ഒഴിവാക്കി കുടുംബത്തിനൊപ്പം സ്വസ്ഥമായി ഇരിക്കാൻ ആഗ്രഹിക്കുന്നവർക്കു പറ്റിയ ഇടം കൂടിയാണിത്. സ്വർണമണലുകൾക്കും തെളിഞ്ഞ വെള്ളത്തിനും ഒപ്പം മനോഹരമായ സൂര്യാസ്തമയങ്ങൾക്കും പേര് കേട്ടതാണ് പുന്നപ്ര ബീച്ച്.