കനത്ത മഴയിലും മണ്ണിടിച്ചിലിലും മിന്നൽ പ്രളയത്തിലും ഹിമാചൽ പ്രദേശിൽ ജനജീവിതം ദുരിതത്തിലായി. സംസ്ഥാനത്ത് 51 ജീവനുകളാണ് മഴക്കെടുതിയില്‍ നഷ്‌ടമായത്. 22 പേരെ കാണാതായി. ജൂലൈ 5 മുതൽ ജൂലൈ 7 വരെ ഐഎംഡി സംസ്ഥാനത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ കനത്ത മഴയ്ക്കും സാധ്യതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മാണ്ഡി ജില്ലയിൽ മാത്രം 151 റോഡുകളിൽ ഗതാഗതം തടസപ്പെട്ടു. 148 വീടുകൾ, 104 പശുത്തൊഴുത്തുകൾ, 14 പാലങ്ങൾ, 31 വാഹനങ്ങൾ എന്നിവയ്ക്ക് കേടുപാടുകൾ സംഭവിച്ചു. കൂടാതെ ചമ്പ, കാംഗ്ര, കുളു, ഷിംല ജില്ലകളിൽ നിന്നും മണ്ണിടിച്ചിലുകളും റിപ്പോർട്ട് ചെയ്‌തു.
ഹിമാചൽ പ്രദേശിൽ ഇനിയും മണ്ണിടിച്ചിലുണ്ടാകുമെന്ന് ഐഎംഡി മുന്നറിയിപ്പ് നൽകി. ഈ പ്രദേശങ്ങളിൽ മിന്നൽ വെള്ളപ്പൊക്ക മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഉത്തരാഖണ്ഡിലെ സോൻപ്രയാഗില്‍ കനത്ത മഴയെ തുടര്‍ന്ന് പാറക്കെട്ടുകളും അവശിഷ്‌ടങ്ങളും റോഡിലേക്ക് വീണതിനാൽ ചാർ ധാം യാത്രക്കും കേദാർനാഥ് തീർത്ഥാടനത്തിനും നിയന്ത്രണം ഏർപ്പെടുത്തി.