കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം ഇടിഞ്ഞുവീണ് യുവതി മരിച്ച സംഭവം ദാരുണമായ സംഭവമെന്ന് വീണ ജോർജ്. അപകടം ഉണ്ടായ സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജില്ലാകളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും രക്ഷാപ്രവർത്തനത്തിൽ യാതൊരുവിധ അനാസ്ഥയും ഉണ്ടായിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
‘വളരെ ദാരുണമായ സംഭവമാണ് നടന്നത്. അപകടത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംഭവം അറിഞ്ഞ് അവിടെ എത്തിയപ്പോള്‍ ഉദ്യോഗസ്ഥര്‍ നല്‍കിയ വിവരമാണ് മാധ്യമങ്ങളുമായി പങ്കുവെച്ചത്. മുഖ്യമന്ത്രി സംഘടിപ്പിച്ച റീജിയണല്‍ മീറ്റിങ്ങില്‍ പങ്കെടുത്തു കൊണ്ടിരിക്കുമ്പോഴാണ് താനും മന്ത്രി വാസവനും അപകടവിവരം അറിഞ്ഞത്. ഉടന്‍തന്നെ സംഭവസ്ഥലത്തെത്തി. ഉള്ളില്‍ ആരുമില്ല എന്ന വിവരമാണ് ലഭിച്ചത്. അതേവിവരമാണ് പങ്കുവെച്ചതും. ‘ മന്ത്രി പറഞ്ഞു
ആരെങ്കിലും ഉള്ളില്‍പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് സമയം കളയാതെ ആവശ്യമായ മെഷീനുകളും മറ്റും എത്തിച്ചത്. കെട്ടിടത്തില്‍ ആരും ഇല്ലാ എന്ന് പറഞ്ഞെങ്കിലും, ആരെങ്കിലും ഉണ്ടാകുമോ എന്ന് നടത്തിയ തിരച്ചിലിലാണ് പരിക്കേറ്റ യുവതിയെ കണ്ടെത്തിയത്. അതുകൊണ്ടുതന്നെ രക്ഷാപ്രവര്‍ത്തനത്തില്‍ അനാസ്ഥയുണ്ടായി എന്ന് പറയാനാവില്ല. കോട്ടയം മെഡിക്കല്‍ കോളേജിന്റെ ആദ്യത്തെ ബ്ലോക്ക് ആണ് സര്‍ജിക്കല്‍ ബ്ലോക്ക്. ഇതിനോടുചേര്‍ന്നുള്ള ടോയ്‌ലെറ്റ് ബ്ലോക്കിന്റെ മേല്‍ക്കൂരയാണ് ഇന്ന് തകര്‍ന്നു വീണത്. 68 കൊല്ലം മുന്‍പ്, കോട്ടയം മെഡിക്കല്‍ കോളേജ് തുടങ്ങിയപ്പോള്‍ നിര്‍മിച്ച് കെട്ടിടമാണത്. ആ കെട്ടിടം നിലവില്‍ ഉപയോഗിച്ചിരുന്നില്ല എന്നാണ് പ്രാഥമികമായി ലഭിച്ചിട്ടുള്ള വിവരം. ഇതടക്കം പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.’ മന്ത്രി വീണ ജോർജ് അറിയിച്ചു.
എന്നാൽ സംഭവത്തെ തുടർന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ് ജോര്‍ജ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാണ്. അപകടത്തിൽ തലയോലപ്പറമ്പ് സ്വദേശി ബിന്ദുവാണ് മരിച്ചത്.
STORY HIGHLIGHT: kerala health minister veena-george