കേരള സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്‍ പുറത്തിറക്കിയ പുതിയ കരട് സൗരോര്‍ജ്ജ നയത്തിലെ നിര്‍ദ്ദേശങ്ങള്‍ അപ്രായോഗികവും കേരളത്തിന്റെ വൈദ്യുതി മേഖലയെ പ്രതികൂലമായി ബാധിക്കുന്നതുമാണെന്നാരോപിച്ച് സൗരോര്‍ജ്ജ മേഖലയില്‍ നിക്ഷേപം നടത്തിയ സംരംഭകരുടെ സംഘടനയായ മാസ്‌റ്റേഴ്‌സ് (Ministry Approved Solar Traders) അസോസിയേഷന്റെ നേതൃത്വത്തില്‍ ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്റെ ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു. വെള്ളയമ്പലം കെല്‍ട്രോണ്‍ ജംക്ഷനില്‍ നിന്നാരംഭിച്ച മാര്‍ച്ചില്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ നിന്നുള്ള മാസ്‌റ്റേഴ്‌സ് അസോസിയേഷന്‍ അംഗങ്ങളും സോളാര്‍ മേഖലയിലെ മറ്റു സംഘടനകളിലെ അംഗങ്ങളും അടക്കം ആയിരക്കണക്കിനുപേര്‍ പങ്കെടുത്തു. മാസ്‌റ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് നൗഫല്‍ റൊസെയ്‌സ് പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ജനറല്‍ സെക്രട്ടറി ജെ.സി. ലിജോ അധ്യക്ഷനായി. കേരള റിന്യൂവബിള്‍ എനര്‍ജി എന്റര്‍പ്രണേഴ്‌സ് ആന്‍ഡ് പ്രമോട്ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഷഫീഖ്, കോണ്‍ഫെഡറേഷന്‍ ഓഫ് റിന്യൂവബിള്‍ എനര്‍ജി ചെയര്‍മാന്‍ മുഹമ്മദ് ഫയാസ്, ആര്‍ഇസിസി പ്രസിഡന്റ് സതീശന്‍ കക്കാട്ട്, സൗത്ത് കേരള പ്രൊസ്യൂമേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം. സത്താര്‍, മാസ്‌റ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ രാജേഷ് പുന്നടിയില്‍, സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പര്‍മാരായ ബി.ബിജു, ബി. ശശികുമാര്‍ തുടങ്ങിയവര്‍ പ്രതിഷേധത്തിനു നേതൃത്വം നല്‍കി.
കരട് നയത്തിലെ നിര്‍ദ്ദേശങ്ങളില്‍ പ്രതിഷേധിച്ച് മാസ്‌റ്റേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സൗരോര്‍ജ്ജ മേഖലയില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സ്ഥാപനങ്ങളും അടച്ചിട്ട് സംസ്ഥാന വ്യാപക സോളാര്‍ ബന്ദ് ആചരിച്ചു. സൗരോര്‍ജ്ജ നയം നടപ്പിലാക്കുന്നതിനു മുന്‍പ് പൊതുജനങ്ങള്‍ക്ക് തങ്ങളുടെ അഭിപ്രായം അറിയിക്കാന്‍ നിയോജക മണ്ഡലാടിസ്ഥാനത്തില്‍ ഫിസിക്കല്‍ ഹിയറിങ്ങ് സംഘടിപ്പിക്കുക, സോളാറിന്റെ റിട്ടേണ്‍ ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് കാലാവധി കൂട്ടുന്ന നിര്‍ദ്ദേശങ്ങള്‍ നയത്തില്‍ നിന്നും ഒഴിവാക്കുക, പ്രധാന മന്ത്രി സൂര്യ ഘര്‍ പോലുള്ള പദ്ധതികള്‍ക്ക് ഏകീകൃത ദേശീയതല സൗരോര്‍ജ്ജ നയത്തിന്റെ പിന്തുണ ഉറപ്പാക്കുക, 1000 കിലോവാട്ട് വരെയുള്ള പ്ലാന്റുകള്‍ക്ക് നിലവിലുള്ള നെറ്റ് മീറ്ററിങ് നയം മാറ്റങ്ങളില്ലാതെ തുടരാന്‍ അനുമതി നല്‍കുക, കേരളത്തിന്റെ കാലാവസ്ഥാപരമായ പ്രത്യേകതകള്‍ പരിഗണിച്ച് ബാങ്കിങ്, സെറ്റില്‍മെന്റ് ഓപ്ഷനുകള്‍ നിര്‍ബന്ധമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാസ്‌റ്റേഴ്‌സ് അസോസിയേഷന്‍ പ്രതിഷേധം സംഘടിപ്പിക്കുന്നത്.