കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും (KSCSTE), പരിസ്ഥിതി വിവരണ കേന്ദ്രമായ ഈഐഎസിപി (EIACP)യും സംയുക്തമായി തിരുവനന്തപുരം ജില്ലയിലെ കുടുംബശ്രീ ബാലസഭയ്ക്ക് കീഴിലുള്ള റിസോഴ്‌സ് പേഴ്‌സന്‍മാര്‍ക്ക് (RP) ശാസ്ത്രപരിസ്ഥിതി വിഷയങ്ങളില്‍ പ്രത്യേക പരിശീലനം സംഘടിപ്പിച്ചു. പട്ടം ശാസ്ത്ര ഭവനിലെ സെമിനാര്‍ ഹാളില്‍ നടന്ന ഏകദിനം പരിശീലന പരിപാടി കെ.എസ്.സി.എസ്.ടി.എ മെമ്പര്‍ സെക്രട്ടറി പ്രൊഫ. എ. സാബു നിര്‍വഹിച്ചു. തിരുവനന്തപുരം ജില്ലാ കുടുംബശ്രീ മിഷന്‍ കോര്‍ഡിനേറ്റര്‍ രമേശ് ജി ആശംസകള്‍ അര്‍പ്പിച്ചു. മാലിന്യ നിര്‍മാര്‍ജന വിഷയത്തില്‍ കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മുന്‍ എന്‍വയണ്‍മെന്റല്‍ എന്‍ജിനീയറായ ദിലീപ് കുമാര്‍ പ്രതിനിധികള്‍ക്ക് പരിശീലനം നല്‍കി. പ്ലാസ്റ്റിക് മലിനീകരണം: ബാധ്യതകളും നിയന്ത്രണ മാര്‍ഗങ്ങളും’ എന്ന വിഷയത്തില്‍ ഡോ. ഷീല എ. മോസ്സസ് (മുന്‍ മെമ്പര്‍ സെക്രട്ടറി, മലിനീകരണ നിയന്ത്രണ ബോര്‍ഡ്) ക്ലാസ്സ് നയിച്ചു.
ജല വിഭവ സംരക്ഷണം എന്ന വിഷയത്തില്‍ ഡോ. പി. ഹരിനാരായണനും ക്ലാസ്സെടുത്തു.ശാസ്ത്ര സാങ്കേതിക മേഖലയിലെ അറിവുകള്‍ താഴെത്തട്ടിലേക്ക് കൂടി എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് റിസോഴ്‌സ് പേഴ്‌സണുകള്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയത്. പരിസ്ഥിതി ബോധവും ശാസ്ത്രീയ അറിവും സമൂഹത്തിലേക്ക് എത്തിക്കാന്‍ പരിപാടി സഹായകരമാകുമെന്നും വിലയിരുത്തപ്പെടുന്നു.