കേരളത്തിന്റെ സാംസ്‌കാരിക പെരുമ മുദ്രണം ചെയ്ത ചിത്ര കലാ ഗോപുരങ്ങള്‍ ഒരുക്കി തിരുവനന്തപുരം വിമാനത്താവളം. ചാക്കയിലെ രാജ്യാന്തര ടെര്‍മിനലിലേക്കുള്ള ഓവര്‍ബ്രിഡ്ജ് ടവറുകളാണ് ചിത്ര ഗോപുരങ്ങളാക്കി മാറ്റിയത്. കേരളത്തിന്റെ തനത് കലാരൂപങ്ങള്‍, സാംസ്‌കാരിക ബിംബങ്ങള്‍, ചരിത്രസ്മാരകങ്ങള്‍, കേരളത്തിന്റെ അഭിമാനമായി മാറിയ സ്ഥാപനങ്ങള്‍ എന്നിവയടങ്ങുന്ന കാന്‍വാസ് ആയി ടവറുകള്‍ മാറി. ലോകമെങ്ങും പ്രചാരം നേടിയ തെയ്യവും കഥകളിയും മുതല്‍ ഒപ്പനയും മാര്‍ഗംകളിയും പൂരവും രഥോത്സവവും ആദ്യ ഗോപുരത്തെ മനോഹരമാക്കുന്നു. മലയാള ഭാഷയുടെ പിതാവ് തുഞ്ചത്ത് എഴുത്തച്ഛനില്‍ തുടങ്ങുന്ന രണ്ടാം ഗോപുരത്തില്‍ മലയാളം അക്ഷരമാലയും കളരിയും ആയുര്‍വേദവും മുതല്‍ വള്ളംകളി വരെയുണ്ട്.
മൂന്നാം ഗോപുരം തിരുവനന്തപുരത്തിന്റെ കലാ, സാംസ്‌കാരിക പാരമ്പര്യത്തിന്റെ നേര്‍ക്കാഴ്ചയാണ്. പത്മനാഭസ്വാമി ക്ഷേത്രം, ബീമാപള്ളി, പാളയം ചര്‍ച്ച്, രാജാ രവിവര്‍മയുടെ അനശ്വര പെയിന്റിംഗുകള്‍, രാജ കൊട്ടാരങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. നാലാം ഗോപുരം ആധുനിക തലസ്ഥാനത്തിന്റെ മുഖമാണ് നിയമസഭാ മന്ദിരവും, വിക്രം സാരാഭായി സ്‌പേസ് സെന്ററും ടെക്‌നോപാര്‍ക്കും നേപ്പിയര്‍ മ്യൂസിയവും മുതല്‍ വിഴിഞ്ഞം രാജ്യാന്തര തുറമുഖം വരെ നിറക്കൂട്ടുകളായി കാഴ്ചയൊരുക്കുന്നു. ഒറ്റപ്പാലത്തെ ദേവ ക്രിയേഷന്‍സ് സ്ഥാപകരായ അമ്പിളി തെക്കേടത്ത്, സനു ക്രാരിയേലി എന്നിവരുടെ നേതൃത്വത്തില്‍ മൂന്നു മാസമെടുത്താണ് ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയത്.