വൈകിട്ട് നല്ല ചൂടുളള ചായയ്‌ക്കൊപ്പം നാലുമണി പലഹാരങ്ങള്‍ എന്നത് മലയാളികളുടെ ഒരു ശീലമാണ്. സമൂസ, ഉഴുന്നുവട, പരിപ്പുവട അങ്ങനെ അനവധി പലഹാരങ്ങളാണ് ലിസ്റ്റിൽ ഉള്ളത് അങ്ങനെ കിഴങ്ങു കൊണ്ട് തയ്യാറാക്കാൻ പറ്റുന്ന കിടിലൻ മസാല ബോണ്ട എങ്ങനെ തയ്യാറാക്കാം എന്ന് നോക്കിയാലോ.
ചേരുവകൾ
ഫില്ലിങ്ങ് തയ്യാറാക്കാൻ ആവാശ്യമുള്ളത്
- ഉരുളക്കിഴങ്ങ് – 3-4 എണ്ണം
- വെളിച്ചെണ്ണ – ആവശ്യത്തിന്
- കടുക് -1 ടീസ്പൂൺ
- ഉഴുന്ന് – 1 ടേബിൾസ്പൂൺ
- സവാള – 2 എണ്ണം
- പച്ചമുളക് – 4 എണ്ണം
- ഇഞ്ചി – ചെറിയ കഷ്ണം
- ഉപ്പ് – ആവശ്യത്തിന്
- മഞ്ഞൾപ്പൊടി – ½ ടീസ്പൂൺ
- ഗരംമസാലപൊടി – 1 ടീസ്പൂൺ
- മുളകുപൊടി – 1 ടീസ്പൂൺ
മാവ് തയ്യാറാക്കാൻ
- കടലമാവ് – 1 കപ്പ്
- മൈദ – 2 ടേബിൾസ്പൂൺ
- മുളകുപൊടി – 1/2 ടീ സ്പൂൺ
- മഞ്ഞൾപൊടി – 1/4 ടീ സ്പൂൺ
- കായം പൊടി – 1 നുള്ള്
- ബേക്കിംഗ് പൗഡർ – 1/2 ടീ സ്പൂൺ
- ഉപ്പ് – 1/2 ടീ സ്പൂൺ
- വെള്ളം
- എണ്ണ – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഉരുളക്കിഴങ്ങെടുത്ത് തൊലി കളഞ്ഞു കഴുകി കഷ്ണങ്ങളാക്കി ഉപ്പും വെള്ളവും ചേർത്ത് വേവിക്കാൻ ആയിട്ട് വയ്ക്കണം. ഉരുളക്കിഴങ്ങ് വെന്തു ചൂടാറി കഴിഞ്ഞാൽ അതൊന്ന് ഉടച്ചെടുത്ത് മാറ്റി വയ്ക്കാം. ഒരു പാൻ അടുപ്പത്ത് വെച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടായാൽ കടുക് ഇട്ടു പൊട്ടിയ ശേഷം ഉഴുന്നു കൂടി ചേർത്ത് കൊടുക്കാം. ഉഴുന്ന് പൊട്ടി കഴിഞ്ഞാൽ ചെറുതായി അരിഞ്ഞു വെച്ച ഇഞ്ചി, പച്ചമുളക്, സവാള എന്നിവ ചേർത്ത് ഒന്ന് വഴറ്റി എടുക്കാം. ഇതിലേക്ക് ഇനി മഞ്ഞൾപ്പൊടി, ഗരംമസാല, മുളകുപൊടി എന്നിവ ചേർത്തിട്ട് നന്നായിട്ട് വഴറ്റി കൊടുക്കാം. ഇനി ഉടച്ചുവെച്ച ഉരുളക്കിഴങ്ങ് ചേർത്ത് ഒന്ന് വലിയിച്ചെടുത്ത ശേഷം ഇത് ചൂടാറാൻ മാറ്റി വയ്ക്കാം മസാല തയ്യാർ.
ഇനി ഇതിലേക്ക് വേണ്ട ബാറ്റർ തയ്യാറാക്കുന്നതിനായി ഒരു പാത്രത്തിലേക്ക് കടലമാവ്, മൈദ, അരിപ്പൊടി,മുളകുപൊടി, മഞ്ഞൾപൊടി, കായപ്പൊടി, ബേക്കിങ്ങ് പൗഡർ, ഉപ്പ് എന്നിവ ചേർത്ത് നല്ലവണ്ണം മിക്‌സ് ചെയ്യാം. ശേഷം വെള്ളം ആവശ്യത്തിനനുസരിച്ച് ചേർത്ത് മാവ് രൂപത്തിലാക്കുക. ശേഷം നേരത്തെ ഉണ്ടാക്കിയ മസാല, ചെറിയ ഉരുളകളാക്കി ബാറ്ററിൽ മുക്കി എണ്ണയിലിട്ട് വറുത്ത് കോരാം.
STORY HIGHLIGHT : Masala Bonda