ഫാസ്റ്റ് ഫുഡ് പ്രേമികളുടെ വിഭവങ്ങളിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് മയോണൈസ്. മിതമായി മയോണൈസ് ഉപയോഗിച്ചാൽ ആരോഗ്യത്തിന് അത്ര ഹാനികരമല്ല, പക്ഷേ ഇതിന്റെ കൂടുതൽ ഉപയോഗം പല ആരോഗ്യ പ്രശ്നങ്ങൾക്കിടയാക്കാം.
ഒരുപാടുപേരുടെ ഇഷ്ടവിഭവങ്ങളില്‍ ഇടംപിടിച്ച വിഭവമാണ് മയോണൈസ്. ബര്‍ഗര്‍, പിസ്സ, മന്തി, ഷവര്‍മ എന്നിവയോടൊപ്പം മയോണൈസ് നല്‍കുന്ന രുചിയിലാണ് പലരും വീണുപോകുന്നത്. മയോണൈസ് ഡയറ്റില്‍നിന്ന് മാറ്റി നിര്‍ത്തി ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവരാണോ നിങ്ങള്‍?
മയോണൈസ് ഒഴിവാക്കിയാല്‍ എന്തെല്ലാം മാറ്റങ്ങളാണ് ശരീരത്തില്‍ സംഭവിക്കുക? ഇതിനെ കുറിച്ച് കൂടുതല്‍ വ്യക്തത വരുത്തിയിരിക്കുകയാണ് ന്യൂട്രിഷനിസ്റ്റ് അമിതാ ഗാഡ്രേ. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലാണ് അവര്‍ മയോണൈസ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതിനെ കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്.
ശരീരഭാരം കുറയ്ക്കാന്‍ മയോണൈസ് നല്ലതാണോ?
ഒരു ടേബിള്‍സ്പൂണ്‍ മയോണൈസില്‍ 8 ഗ്രാം കൊഴുപ്പടങ്ങിയിട്ടുണ്ട്. എന്നുവെച്ചാല്‍ അത് 50 ശതമാനത്തേക്കാള്‍ ഫാറ്റാണ്. കെച്ചപ്പുകള്‍ ഉപയോഗിക്കുന്നതുപോലെയാണ് ആളുകള്‍ വ്യാപകമായി മയോണൈസ് ഉപയോഗിക്കുന്നത്. എന്നാല്‍ വെണ്ണയോ ഉയര്‍ന്ന അളവില്‍ കൊഴുപ്പടങ്ങിയ മറ്റ് ഭക്ഷണങ്ങളോ പോലെയാണ് മയോണൈസും.
ബര്‍ഗറിലെ ഡീപ് ഫ്രൈചെയ്ത പാറ്റി, ചീസ്, മയോണൈസ് എന്നിവയെല്ലാം കൂടിയാല്‍ 25 ഗ്രാം കൊഴുപ്പാണ് അടങ്ങിയിട്ടുള്ളതെന്ന് ന്യൂട്രീഷനിസ്റ്റ് പറയുന്നു. ശരീരത്തിന് ഒരു ദിവസത്തേക്ക് ഈ കൊളുപ്പുതന്നെ ധാരാളമാണ്.
മയോണൈസ് ഇടയ്ക്ക് കഴിക്കുന്നത് നല്ലതാണോ?
ഇടയ്‌ക്കെപ്പോഴെങ്കിലും മയോണൈസ് കഴിക്കുന്നതുകൊണ്ട് വലിയ കുഴപ്പങ്ങളൊന്നുമില്ല. എന്നാല്‍ അതിന്റെ അളവിനേക്കുറിച്ചും അതുകഴിച്ചാലുണ്ടാകുന്ന കലോറിയെക്കുറിച്ചും ശ്രദ്ധവേണം.
ശരീരഭാരത്തിലും ആരോഗ്യത്തിലും ശ്രദ്ധചെലുത്തുന്നവരാണ് നിങ്ങളെങ്കില്‍ മമയോണൈസിന്റെ ഉപയോഗം കുറയ്ക്കുന്നതാണ് നല്ലത്. അത്തരം അവസരങ്ങളില്‍ മയോണൈസിന് പകരമായി മറ്റ് എന്തെങ്കിലും ഭക്ഷണം കഴിക്കാന്‍ തിരഞ്ഞെടുക്കാവുന്നതാണ്.
അവൊക്കാഡോ സ്‌പ്രെഡ്, ഗ്രീക്ക് യോഗട്ട്, ഹമസ്, വീഗന്‍ മേയോ എന്നിവയെല്ലാം മയോണൈസിന് പകരം ഉപയോഗിക്കാവുന്ന ചില സമാന്തര ഭക്ഷണങ്ങളാണ്.
കൂടുതല്‍ കൊഴുപ്പും കലോറിയും അടങ്ങിയതിനാല്‍ മയോണൈസ് ഹൃദയാരോഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. അമിതമായി മയോണൈസ് ഉപയോഗിക്കുന്നത് ശരീരഭാരം കൂടാനും കൊളസ്‌ട്രോള്‍ കൂടാനും കാരണമാകുന്നു. അതുപോലെ ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കുള്ള സാധ്യതയും കൂട്ടുന്നു.