കൊട്ടാരക്കരയില്‍ ആരോഗ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാന്‍ എത്തിയ ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം ഒടുവില്‍ ധനമന്ത്രിക്ക് നേരെ. മന്ത്രി വീണാജോര്‍ജിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ച മടങ്ങുമ്പോഴായിരുന്നു ധനമന്ത്രി ബാലഗോപാലിനെതിരെ ബിജെപിയുടെ പ്രതിഷേധം വഴിമാറിയത്. കടുത്ത രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതറിഞ്ഞതാണ് സ്ഥലം എംഎല്‍എ കൂടിയായ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ആശുപത്രിയിലേക്കെത്തിയത്.
മന്ത്രിയെ കണ്ട് രോഗവിവരങ്ങള്‍ തിരക്കി മടങ്ങാന്‍ തുടങ്ങുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ ബാലഗോപാലിനോട് ആരോഗ്യമന്ത്രിയുടെ ആരോഗ്യസ്ഥിതി ആരാഞ്ഞു. മന്ത്രിയുടെ പ്രതികരണത്തിനിടെയായിരുന്നു ബിജെപിയുടെ പ്രതിഷേധശബ്ദം. ബിജെപി മണ്ഡലം പ്രസിഡന്റ് അനീഷ് കിഴക്കേക്കര ഉള്‍പ്പെടെയുള്ളവരുടെ അടുത്തെത്തി മന്ത്രി ബാലഗോപാല്‍ കാര്യങ്ങള്‍ തിരക്കുമ്പോള്‍ ആശുപത്രിയെകുറിച്ചുള്ള പരാതികളായി. അതു പറയേണ്ട സന്ദര്‍ഭം ഇതല്ലെന്ന് മന്ത്രി പറഞ്ഞതോടെ മന്ത്രിക്കെതിരെയായി ബിജെപിയുടെ പ്രതിഷേധം.
മന്ത്രിക്കൊപ്പം എത്തിയ സിപിഐഎം പ്രവര്‍ത്തകര്‍ ഇതിനെ പ്രതിരോധിച്ചതോടെ വാക്കേറ്റം രൂക്ഷമായി. ഒടുവില്‍, ആരോഗ്യമന്ത്രിക്ക് എതിരായ പ്രതിഷേധം അവസാനിപ്പിച്ച ബിജെപി വരും ദിവസങ്ങളില്‍ ധനമന്ത്രിക്കെതിരെ പ്രതിഷേധം കടുപ്പിക്കുമെന്നായി. ബിജെപിയുടെ പ്രതിഷേധത്തെ രാഷ്ട്രീയവും നിയമപരമായും നേരിടുമെന്ന് കൊട്ടാരക്കരയിലെ സിപിഎം നേതൃത്വം വ്യക്തമാക്കി. ഡിവൈഎസ്പി ബൈജു കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇടപെട്ടാണ് ഇരു കൂട്ടരെയും അനുനയിപ്പിച്ച് മടക്കിയത്. രോഗമല്പം ഭേദമായ ആരോഗ്യമന്ത്രി ആശുപത്രി വിട്ട് തിരുവനന്തപുരത്തേക്കും തിരിച്ചു.
STORY HIGHLIGHT : BJP Protest against K N Balagopal