തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. വടക്കൻ കേരളത്തിലും മലയോര മേഖലകളിലും മഴ കനത്തേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യല്ലോ അലർട്ട് പ്രഖ്യാപിച്ചു. വടക്കൻ ഒഡിഷക്കും, ഗംഗ തട പശ്ചിമ ബംഗാളിനും മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുന്നതിന്റെയും, മഹാരാഷ്ട, കർണാടക തീരത്തിന് മുകളിലെ ന്യുനമർദ്ദ പാത്തിയുടേയും സ്വാധീനഫലമായാണ് മഴ തുടരുന്നത്.
കൂടാതെ കേരളത്തിന് മുകളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. മലയോര മേഖലയിലുള്ളവരും തീരദേശമേഖലയിലുള്ളവരും ജാഗ്രത പാലിക്കണം. നാളെ എട്ട് ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മഴക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിന് തടസ്സമില്ല.