തിരുവനന്തപുരം: നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‌യു. കെഎസ്‌യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് അതിക്രമം കാട്ടിയെന്നാരോപിച്ചാണ് കെഎസ്‌യു പ്രതിഷേധം സംഘടിപ്പിക്കുന്നത്.
പൊലീസും പ്രവർത്തകരും തമ്മിൽ ഇന്നലെ മാർച്ചിനിടെ ഏറ്റുമുട്ടിയിരുന്നു. പൊലീസ് ലാത്തി ചാർജിൽ നിരവധി പ്രവർത്തകർക്ക് പരുക്കേറ്റു. ഇതിൽ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ് എന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ അറിയിച്ചു. കേരളാ സാങ്കേതിക സർവകലാശാല വിദ്യാർത്ഥി വിരുദ്ധമായി നടപ്പാക്കിയ ഇയർ ബാക്ക് സിസ്റ്റം പിൻവലിക്കുക, മുടങ്ങിക്കിടക്കുന്ന എല്ലാ യൂണിവേഴ്സിറ്റികളുടെയും വിസി നിയമനങ്ങൾ നിയമവിധേയമായി പൂർത്തിയാക്കുക, തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചായിരുന്നു സമരം.