കോട്ടയം മെഡിക്കൽ കോളജിൽ ശുചിമുറി കെട്ടിടം തകർന്ന് വീണ് ബിന്ദു എന്ന വീട്ടമ്മ ഇന്നലെ മരണപ്പെട്ടിരുന്നു. കുളിക്കാനായി എത്തിയപ്പോഴാണ് ദാരുണ സംഭവം നടന്നത്. ബഹുനില കെട്ടിടം തകർന്നു വീണതിനെ തുടർന്ന് രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങൾക്കിടയിൽ സൗമ്യവും പക്വതയോടെയും ഇടപ്പെട്ട ആളാണ് സൂപ്രണ്ട് ഡോ.ടി.കെ. ജയകുമാർ. ഇപ്പോഴിതാ അദ്ദേഹത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ചർച്ചയാകുന്നത്. മിത്ര സതീഷ് എന്നയാളാണ് ലേഖകൻ. ഫേസ്ബുക്ക് പോസ്റ്റായിരുന്നു. തെരച്ചിൽ വൈകിയതിന്റെ പൂർണമായ ഉത്തരവാദിത്വം അദ്ദേഹം ഏറ്റെടുക്കുന്നതിനു പിന്നിൽ ആ മനുഷ്യൻ്റെ മനസിൻ്റെ വിശാലത തന്നെയാണ് എന്നാണ് എൻ്റെ വിശ്വാസമെന്നും ജീവൻ്റെ നേരിയ തുടിപ്പെങ്കിലും അവശേഷിക്കുന്നുണ്ടെങ്കിൽ അവരെ ജീവിതത്തിൻ്റെ പ്രകാശ വഴിയിലേക്ക് എത്തിക്കാൻ സ്വയം മറന്നിറങ്ങുന്ന ഡോക്ടറാണ് അദ്ദേഹമെന്നും കുറിപ്പിൽ പറയുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം…..
കോട്ടയം മെഡിക്കൽ കോളേജിന്റെ പഴയ കെട്ടിടം ഇടിഞ്ഞു വീണ് മരിച്ച സഹോദരി ബിന്ദുവിന് ആദരാഞ്ജലികൾ.
എല്ലാ ഉത്തരവാദിത്തവും ഏറ്റെടുത്ത സൂപ്രണ്ട് ഡോ. ജയകുമാറിനെ പറ്റി രണ്ട് വാക്ക് കുറിക്കണം എന്ന് തോന്നി. ജയൻ ചേട്ടനും കുടുംബവും എന്റെ ജീവിതത്തിന്റെ ഭാഗമായിട്ട് ഇരുപത്തിരണ്ടു വർഷമായി. ഈ കാലത്തിനിടയിൽ ഏറ്റവും കൂടുതൽ തവണ ചേട്ടനെ കാണാൻ പറ്റിയത് അദ്ദേഹം സൂപ്രണ്ട് ആയ കഴിഞ്ഞ എട്ട് വർഷങ്ങളിലാണ്.
അതിന് മുമ്പ് ദിവസം 18-20 മണിക്കൂർ വരെ രോഗികളെ പരിചരിക്കുന്ന തിരക്കിലായിരുന്നു. ഏതെങ്കിലും സമയത്ത് 3 മുതൽ 4 മണിക്കൂർ വരെ മാത്രമാണ് ഉറങ്ങാൻ വീട്ടിൽ ചിലവഴിക്കുക. തികച്ചും ജനകീയനായ ഡോക്ടർ. രോഗികൾക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച ഡോക്ടർ എന്ന് നെഞ്ചിൽ കൈ വച്ച് പറയാൻ പറ്റും. കുടുംബത്തിനൊപ്പം ചിലവഴിച്ചതിനേക്കാൾ സമയം തൻ്റെ രോഗികൾക്കൊപ്പം കഴിഞ്ഞ ആൾ…
പാവപ്പെട്ട രോഗികൾക്ക് മറ്റെവിടേക്കും പോകാൻ നിവൃത്തിയില്ല എന്ന് തിരിച്ചറിഞ്ഞു തന്നെയാണ് ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ സർക്കാർ ആശുപത്രിയിൽ തുടങ്ങണം എന്നാഗ്രഹിച്ചത്. ഒരുപാട് പരിമിതികൾ ഉണ്ടായിട്ടും അദ്ദേഹത്തിൻ്റെ ഇച്ഛാശക്തി ഒന്ന് കൊണ്ട് മാത്രമാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആദ്യമായി ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടന്നത്. പിന്നീടങ്ങോട്ട് എട്ടോളം ശസ്ത്രക്രിയകൾ…. ആയിരക്കണക്കിന് ഹൃദയശസ്ത്രക്രിയകൾ വേറെയും……
സൂപ്രണ്ട് ആയതിനു ശേഷം ഭരണപരമായ ഉത്തരവാദിത്തം വന്നു ചേർന്നത് കൊണ്ട് ഇടക്കൊക്കെ ഓഫീസിൽ പോയാൽ രണ്ട് മിനിട്ട് ഒക്കെയേ കാണാൻ പറ്റിയിരുന്നുള്ളൂ . എപ്പോഴും ഞാൻ കളിയാക്കാറുണ്ട് ‘ചേട്ടന് മാത്രം ദൈവം നൽപ്പത്തിയെട്ട് മണിക്കൂർ ദിവസവും തരുന്നുണ്ടോ ‘ എന്ന്. ഹൃദയ ശസ്ത്രക്രിയകൾ, ആശുപത്രിയുടെ വികസന പദ്ധതികൾ, നൂറായിരം പ്രശ്നങ്ങൾ.. ഇതിനെല്ലാം ചേട്ടൻ സമയം കണ്ടെത്തിയിരുന്നു. ഇതൊന്നും കൂടാതെ ഫണ്ട് കണ്ടെത്താനും മറ്റുമുള്ള നെട്ടോട്ടങ്ങൾ.. ഭരണകാര്യങ്ങളുമായി ബന്ധപ്പെട്ടുള്ള തിരുവനന്തപുരം യാത്രകൾ.. വിശ്രമമില്ലാത്ത ജീവിതം…….
താൻ പഠിച്ച, തന്നെ ഭിഷഗ്വരനാക്കിയ ആശുപത്രിയോടുള്ള തീരാകടപ്പാടാണ്, ആശുപത്രിയിൽ കൂടുതൽ സൗകര്യങ്ങൾ ഉണ്ടാക്കിയെടുക്കാൻ ചേട്ടന് എന്നും ഊർജം പകർന്നത്. അഭൂതപൂർവമായ വളർച്ചയാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിക്ക് കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കിടയിൽ ഉണ്ടായത്. പൂർണ്ണ മനസ്സോടെ ചേട്ടനെ പിന്തുണയ്ക്കുന്ന വലിയൊരു ടീമും ഇതിനു പിന്നിലുണ്ട്.
ഇപ്പോൾ ഇടിഞ്ഞു വീണ രണ്ടു നിലകളുള്ള ടോയ്ലറ്റ് കോംപ്ലക്സ് പ്രധാനപ്പെട്ട നാല് വാർഡുകളോട് ചേർന്നുള്ളതാണ്. ഈ വാർഡുകൾ പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്ന നടപടികൾ നടന്നു വരികയായിരുന്നു.
ടോയ്ലറ്റ് കെട്ടിടത്തിന് കേടുപാടുകൾ ഉള്ളതു കൊണ്ട് കുറച്ചു നാളായി അത് ഉപയോഗിക്കാറില്ല. (ചേർന്നുളള വാർഡ് കെട്ടിടത്തിൽ രോഗിയെ കിടത്തുന്നുണ്ട് ). ഇടിഞ്ഞ് പോയ കെട്ടിടത്തിന്റെ താഴത്തെ നില സാധനങ്ങൾ കൂട്ടിയിടാനാണ് ഉപയോഗിച്ചത്. വാർഡുകളിൽ തിരക്ക് കൂടിയപ്പോൾ മുകളിലത്തെ അടച്ചിട്ട നിലയിലെ ശുചി മുറികൾ എപ്പോഴോ തുറന്നു കൊടുത്തിരുന്നു.
കെട്ടിടം ഇടിഞ്ഞു വീണപ്പോൾ ഉപയോഗശൂന്യമായ സാധനങ്ങൾ കൂട്ടിയിടുന്ന കെട്ടിടമാണ് എന്ന് ഉദ്യോഗസ്ഥർ പറഞ്ഞത് അത് കൊണ്ടാണ് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.
അത് വിശ്വസിച്ചാണ് കെട്ടിടാവശിഷ്ടങ്ങളുടെ അടിയിൽ ആരുമില്ലെന്ന് മന്ത്രിമാർക്ക് ചേട്ടൻ വിവരം നൽകിയത് . സംഭവസ്ഥലത്ത് എത്തിയപ്പോൾ കിട്ടിയ പ്രാഥമിക വിവരമാണ് ഇങ്ങനെ കൈമാറിയത്.
തെരച്ചിൽ വൈകിയതിന്റെ പൂർണമായ ഉത്തരവാദിത്വം അദ്ദേഹം ഏറ്റെടുക്കുന്നതിനു പിന്നിൽ ആ മനുഷ്യൻ്റെ മനസിൻ്റെ വിശാലത തന്നെയാണ് എന്നാണ് എൻ്റെ വിശ്വാസം.
ഒരു പാട് ജീവിതങ്ങളെ ചേർത്തുപിടിച്ച മനുഷ്യനാണ്. എന്തെങ്കിലും സാധ്യതയുണ്ടെങ്കിൽ, ജീവൻ്റെ നേരിയ തുടിപ്പെങ്കിലും അവശേഷിക്കുന്നുണ്ടെങ്കിൽ അവരെ ജീവിതത്തിൻ്റെ പ്രകാശ വഴിയിലേക്ക് എത്തിക്കാൻ സ്വയം മറന്നിറങ്ങുന്ന ഡോക്ടറാണ്… ഞാനത് അടുത്ത് നിന്നും അകലെ നിന്നും കണ്ടിട്ടുണ്ട്, അറിഞ്ഞിട്ടുണ്ട്. ചേട്ടനെ പോലെയുള്ള ഡോക്ടർമാർ നമുക്കിടയിൽ ഉള്ളതുകൊണ്ടു കൂടിയാണ് സുരക്ഷിത ബോധത്തോടെ ജീവിക്കാൻ കഴിയുന്നത് എന്ന് തോന്നാറുണ്ട്. ആശുപത്രിയിലെ അപകടത്തിനു ശേഷം ആ മനുഷ്യൻ അനുഭവിക്കുന്ന വേദന എത്രയാണെന്ന് ഊഹിക്കാൻ പോലും പറ്റുന്നില്ല.
ഇത് ആരെയും ന്യായീകരിക്കാൻ എഴുതിയതല്ല . ജയൻ ചേട്ടനെയും, രോഗികളോടുള്ള ചേട്ടന്റെ ആത്മാർത്ഥതയെയും നന്നായിട്ട് അറിയാമെന്നുള്ളത് കൊണ്ട് ഇത്രയും കുറിക്കണം എന്ന് തോന്നി.
content highlight: Dr.T K Jayakumar