പ്രഭാത ഭക്ഷണം കഴിച്ചയുടനെ വായില്‍ നിന്ന് നുരയും പതയും വന്ന് നാലുവയസ്സുകാരന് ദാരുണാന്ത്യം. മലപ്പുറം കോട്ടക്കലിലാണ് സംഭവം. അസം സ്വദേശികളായ അമീറിന്റെയും സൈമയുടെയും മകനായ റജുല് ആണ് മരിച്ചത്. കോട്ടക്കല്‍ യുപി സ്കൂളിലെ എല്‍കെജി വിദ്യാര്‍ത്ഥിയാണ് റജുല്.
ബുധനാഴ്ച്ച രാവിലെ സ്കൂളിലേക്ക് പോകുന്നതിന് മുന്‍പായി ബ്രഡും മുട്ടയും കുട്ടിക്ക് നല്‍കിയിരുന്നു. ഇത് കഴിച്ചതിന് പിന്നാലെ ക്ഷീണം തോന്നിയ റജുല് കിടന്നുറങ്ങുകയായിരുന്നു.
അല്‍പ്പസമയത്തിനകം കുട്ടിയുടെ വായില്‍ നിന്നും നുരയും പതയും വരുകയും തുടര്‍ന്ന് ആശുപത്രിയിലെത്തിക്കുകയുമായിരുന്നു.
എന്നാൽ ആശുപത്രിയിലെത്തും മുന്‍പ് തന്നെ മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.