സിദ്ധാര്‍ഥിനെ നായകനാക്കി ശ്രീ ഗണേഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ത്രീ ബിഎച്ച്‌കെ’. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ സ്‌പെഷ്യല്‍ പ്രിവ്യു ഷോ തമിഴ്‌നാട്ടില്‍ നടന്നിരുന്നു. മികച്ച പ്രതികരണമാണ് ഈ ഷോയ്ക്ക് ശേഷം സിനിമയ്ക്ക് ലഭിക്കുന്നത്. സിനിമയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയുടെ ഗെറ്റപ്പില്‍ സിദ്ധാര്‍ത്ഥ് എത്തുന്നുണ്ട്. ഇപ്പോഴിതാ സിനിമയിലെത്തി 20 വര്‍ഷത്തിനിപ്പുറവും ചെറുപ്പക്കാരനായിട്ടുള്ള വേഷങ്ങള്‍ ചെയ്യാന്‍ സാധിക്കുന്നതിനെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് സിദ്ധാര്‍ത്ഥ്.സുധീര്‍ ശ്രീനിവാസനു നല്‍കിയ അഭിമുഖത്തിലായിരുന്നു നടന്റെ പ്രതികരണം.
സിദ്ധാര്‍ഥിന്റെ വാക്കുകള്‍…..
തന്റെ രൂപം ഇത്തരത്തിലായതുകൊണ്ടാണ് ഇപ്പോഴും പ്ലസ്ടു വിദ്യാര്‍ത്ഥിയായി അഭിനയിക്കാന്‍ സാധിക്കുന്നു. സിലമ്പരസന്‍ അയാളുടെ 22ാമത്തെ വയസില്‍ ചെയ്ത ‘തൊട്ടി ജയ’ എന്ന സിനിമ പോലൊന്ന് തനിക്കും ചെയ്യാന്‍ ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ തനിക്ക് താടി വരാത്തത് കൊണ്ട് അത്തരം വേഷങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. 3BHKയിലേക്ക് ശ്രീ ഗണേഷ് എന്നെ വിളിച്ചപ്പോള്‍ കഥാപാത്രത്തെക്കുറിച്ചുള്ള എല്ലാ ഡീറ്റെയിലും പങ്കുവെച്ചു. മൂന്ന് ഗെറ്റപ്പുണ്ടെന്നും പ്ലസ് ടു സ്റ്റുഡന്റായി അഭിനയിക്കേണ്ടി വരുമെന്നും പറഞ്ഞിരുന്നു. സിനിമയില്‍ മാത്രമാണ് നമുക്ക് പഴയ പ്രായത്തിലേക്ക് പോകാന്‍ സാധിക്കുന്നതെന്ന് തോന്നുന്നു. ചാലഞ്ചിങ്ങായതുകൊണ്ട് ഞാന്‍ ഈ സിനിമ ചെയ്തു. സിനിമയിലെത്തിയ സമയം മുതല്‍ ഇതുപോലെ ടീനേജ് പയ്യന്റെ റോളാണ് ഞാന്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ആദ്യമൊക്കെ എന്റെ രൂപം അതുപോലെയായതുകൊണ്ട് അത്തരം റോളുകള്‍ നല്ല സന്തോഷത്തോടെ സ്വീകരിച്ചു. സിലമ്പരസന്‍ ചെയ്ത തൊട്ടി ജയ എന്ന പടം കണ്ടപ്പോള്‍ എനിക്ക് എന്നാണ് അതുപോലൊരു റോള്‍ ചെയ്യാന്‍ കഴിയുന്നതെന്ന് ആലോചിച്ചു.
ആ കഥാപാത്രത്തെപ്പോലെ നല്ല കട്ടത്താടിയൊക്കെ വരുമ്പോള്‍ കുറച്ച് റഫ് ആയിട്ടുള്ള ക്യാരക്ടര്‍ ചെയ്യാനാകുമെന്ന് കരുതി സമാധാനത്തോടെ ഇരുന്നു. പക്ഷേ, 20 വര്‍ഷത്തിന് ശേഷവും താടി വരാതെയിരിക്കുകയാണ് . തൊട്ടി ജയ പോലെ ഒന്ന് എനിക്ക് കിട്ടില്ലെന്ന് മനസിലായി. അതുകൊണ്ട് ഏത് ടൈപ്പ് കഥാപാത്രമാണോ വരുന്നത് അത് കൃത്യമായി ചെയ്യാനാണ് പ്ലാന്‍.’
പുതിയ വീട് വാങ്ങാനായി ഒരു മിഡില്‍ ക്ലാസ് കുടുംബം നടത്തുന്ന ശ്രമങ്ങളാണ് സിനിമയുടെ ഇതിവൃത്തമെന്ന സൂചനയാണ് ട്രെയ്ലര്‍ നല്‍കുന്നത്. ചിത്രത്തിലെ കഥ എല്ലാ മിഡില്‍ ക്ലാസ് കുടുംബങ്ങള്‍ക്കും റിലേറ്റ് ചെയ്യാന്‍ കഴിയുമെന്നും സിനിമയിലെ ഇമോഷണല്‍ സീനുകള്‍ പ്രേക്ഷകരെ ആഴത്തില്‍ സ്പര്‍ശിക്കുമെന്നും അഭിപ്രായങ്ങള്‍ വരുന്നുണ്ട്. ജൂലൈ നാലിനാണ് ചിത്രം പുറത്തിറങ്ങുന്നത്.
ദേവയാനി, മീത്ത രഘുനാഥ്, ചൈത്ര ജെ ആച്ചാര്‍, യോഗി ബാബു, സുബ്ബു പഞ്ചു തുടങ്ങിയവരാണ് സിനിമയിലെ മറ്റു അഭിനേതാക്കള്‍. ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസ് ആണ് സിനിമ കേരളത്തിലെത്തിക്കുന്നത്. ശാന്തി ടാക്കീസിന്റെ ബാനറില്‍ അരുണ്‍ വിശ്വയാണ് ചിത്രം നിര്‍മ്മിക്കുന്നത്. അമൃത് രാംനാഥ് ആണ് ഈ സിനിമയുടെ മ്യൂസിക് കൈകാര്യം ചെയ്യുന്നത്.