ഹിമാചൽ പ്രദേശിൽ കനത്ത മഴയിൽ വൻ നാശനഷ്ടം. മലയോര സംസ്ഥാനത്തുടനീളം വ്യാപക നാശനഷ്ടങ്ങൾ ഉണ്ടായി. ഇതുവരെ സംസ്ഥാനത്തുണ്ടായത് 37 മരണങ്ങൾ. ഹിമാചൽ പ്രദേശ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്കനുസരിച്ച്, 400 കോടിയിലധികം നാശനഷ്ട്ടങ്ങളാണ് സംസ്ഥാനത്ത് ഉണ്ടായത്. അതേസമയം രക്ഷാപ്രവർത്തനങ്ങൾ തുടരുന്നതിനാൽ മരണസംഖ്യ ഉയരുമെന്ന് കണക്കുകൂട്ടലിലാണ് രക്ഷാപ്രവർത്തകർ.
ജൂലൈ 7 വരെ സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മണ്ഡി ജില്ലയാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ പ്രദേശം. ഇവിടെ നിന്ന് മാത്രം 40 പേരെ കാണാതായതായി റിപ്പോർട്ടുണ്ട്.
സംസ്ഥാനമൊട്ടാകെ 250-ലധികം റോഡുകൾ ഇപ്പോഴും തടസ്സപ്പെട്ടിരിക്കുകയാണ്. കൂടാതെ 500-ലധികം വൈദ്യുതി ട്രാൻസ്ഫോർമറുകൾ , 700-ഓളം കുടിവെള്ള പദ്ധതികൾ എന്നീ അടിസ്ഥാന സൗകര്യങ്ങളെല്ലാം തകരാറിലാണ്. അതേസമയം സംസ്ഥാനത്തിന്റെ പല ഭാഗത്തായി രക്ഷ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, പൊലീസ്, ഹോം ഗാർഡുകൾ, എസ്ഡിആർഎഫ്, എൻഡിആർഎഫ് ഉൾപ്പെടെയുള്ള കേന്ദ്ര സേനകൾ എന്നിവരടങ്ങുന്ന സംഘമാണ് തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നത്.
















