Kerala

എസ്ബിഐയുടെ ദേശീയ സ്കോളര്‍ ക്വിസില്‍ 4200 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു | SBI

കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സംഘടിപ്പിച്ച എസ്ബിഐ സ്കോളര്‍ ക്വിസ് പരിപാടിയില്‍ രാജ്യത്തെ 16 നഗരങ്ങളിലായി 4200 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ബാങ്ക് 70 വര്‍ഷത്തെ വിശ്വസനീയ സേവനമെന്ന നാഴികക്കല്ലു പിന്നിടുന്ന അവസരത്തില്‍ നടത്തിയ ഈ പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് 50 ലക്ഷം രൂപയുടെ പ്രൈസ് മണിയും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

ഡല്‍ഹി പബ്ലിക് സ്കൂള്‍, കൊല്‍ക്കത്ത; ആര്‍മി പബ്ലിക് സ്കൂള്‍, ഹൈദരാബാദ്; ഡിഎവി പബ്ലിക് സ്കൂള്‍, ഭുവനേശ്വര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിജയികള്‍ക്ക് എസ്ബിഐ ചെയര്‍മാന്‍ സി എസ് സെട്ടി അവാര്‍ഡുകള്‍ സമ്മാനിച്ചു. ഒന്നാം സ്ഥാനക്കാര്‍ക്ക് ആകെ 5 ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 3 ലക്ഷം രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് 2.5 ലക്ഷം രൂപയുമാണ് നല്‍കിയത്.

അറിവുള്ളവരുടേയും ശാക്തീകരിക്കപ്പെട്ടവരുടേയും ഭാവിയിലേക്കായുള്ള നിക്ഷേപമാണ് ഇത്തരത്തിലുള്ള നീക്കങ്ങളിലൂടെ എസ്ബിഐ നടത്തുന്നതെന്ന് എസ്ബിഐ ചെയര്‍മാന്‍ സി എസ് സെട്ടി പറഞ്ഞു. അക്കാദമിക മികവും സാമ്പത്തിക സാക്ഷരതയും സംയോജിപ്പിച്ച് എസ്ബിഐയുടെ ഏഴു ദശാബ്ദത്തെ സമ്പന്നമായ പാരമ്പര്യത്തെ കുറിച്ച് അവബോധവും സൃഷ്ടിക്കുന്നതിനൊപ്പം നമ്മുടെ യുവാക്കളുടെ ബൗദ്ധിക സാധ്യതകള്‍ കൂടി ആഘോഷിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രവര്‍ത്തനത്തിന്‍റെ എഴുപതാം വര്‍ഷത്തോട് അനുബന്ധിച്ച് നിരവധി ഡിജിറ്റല്‍ നീക്കങ്ങള്‍ക്കും എസ്ബിഐ തുടക്കം കുറിച്ചിട്ടുണ്ട്.